കീവ്: കൊല്ലപ്പെട്ട സൈനികരെ ഉപേക്ഷിച്ചു പോകുന്ന റഷ്യൻ അധികൃതരെ വിമർശിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. “ഇത് ഭയപ്പെടുത്തുന്നതാണ്, കാരണം അവർ സ്വന്തം ആളുകളോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, അവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറും? ഇത് ക്രൂരതയാണ്, ഇത് മോശമായേ അവസാനിക്കൂ,” റഷ്യൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്‌കി പറഞ്ഞു.
യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരെ ഒന്നുകിൽ ഉപേക്ഷിച്ചു പോകുന്നു, അല്ലെങ്കിൽ മാലിന്യ സഞ്ചികളിലാക്കി അവരെ വീട്ടിലേക്ക് അയക്കുന്നു എന്നും സെലെൻസ്‌കി പറഞ്ഞു. കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളോട് ഇത്തരത്തിൽ അനാദരവ് കാണിക്കുന്നതിനെ സൈനികരുടെ കുടുംബങ്ങൾ എന്തുകൊണ്ടാണ് എതിർക്കാത്തതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് സെലൻസ്‌കി പറഞ്ഞു.
യുക്രൈന് എതിരായ റഷ്യയുടെ പോരാട്ടത്തിന്റെ ഉദ്ദേശ്യം പോലും സെലൻസ്‌കി ചോദ്യം ചെയ്‌തു. “യുക്രൈനിൽ ഞങ്ങൾ എന്തിനാണ് പോരാടുന്നതെന്ന് ഞങ്ങൾക്കറിയാം. പിന്നെ നിങ്ങളുടെ കാര്യമോ? നിങ്ങളുടെ രാജ്യത്ത്, റഷ്യയിൽ എന്താണ് നടക്കുന്നത്? എനിക്കത് മനസിലാകുന്നില്ല. ഇതൊരു ദുരന്തമാണ്, ഞങ്ങളെ ദ്രോഹിക്കുന്ന ഒരു ദുരന്തമാണ്,” സെലെൻസ്‌കി കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. അതേസമയം, യുക്രൈനിൽ ഉടനീളം 1,119 സിവിലിയൻ മരണങ്ങളും 1,790 പേർക്ക് പരിക്കേറ്റതായും ഐക്യരാഷ്‌ട്രസഭ സ്‌ഥിരീകരിച്ചു.
Most Read: മൂലമറ്റം വെടിവെപ്പ്; ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്ക്