ഐവി ശശി അവാര്‍ഡ് ‘ഉൽസവം’ ഏപ്രിൽ 7ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ

'ലൈഫ് ടൈം അച്ചീവ്‌മെന്റ്' നടി സീമയും മികച്ച നവാഗത സംവിധായകരായി മാത്തുക്കുട്ടി സേവ്യറും മനു അശോകനും പുരസ്‌കാരം സ്വീകരിക്കും. മികച്ച നവാഗത നടി അന്ന ബെന്‍ ആണ്. നിർമാതാക്കളായി നോബിൾ ബാബു, വിനീത് ശ്രീനിവാസൻ എന്നിവരും ഷെനുഗ, ഷെർഗ, ഷെഗ്‌ന എന്നീ സഹോദരിമാരും പുരസ്‌കാരത്തിന് അർഹരാണ്.

By Central Desk, Malabar News
IV Sasi Award 'Utsavam' on April 7 at Ernakulam Fine Arts Hall
Ajwa Travels

കോഴിക്കോട്: ഐ വി ശശിയുടെ സ്‌മരണാർഥം ‘ഫസ്‌റ്റ് ക്ളാപ്പ്’ സാംസ്‌കാരിക സംഘടന സംഘടിപ്പിക്കുന്ന പ്രഥമ പുരസ്‌കാരനിശ ‘ഉൽസവം’ എന്നപേരിൽ ഏപ്രിൽ 7ന് വൈകിട്ട് 5.30മുതൽ എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ നടക്കും.

ഐ വി ശശിയുടെ ആദ്യസിനിമയുടെ പേരാണ് പുരസ്‌കാരനിശക്ക് നൽകിയ ‘ഉൽസവം’ എന്ന പേര്. ഷാജൂണ്‍ കാര്യാല്‍, എം പത്‌മകുമാര്‍, ജോമോന്‍ എന്നീ പ്രമുഖ ശിഷ്യരാണ് പുരസ്‌കാര നിർണയത്തിന്റെ മുഖ്യ രക്ഷാധികാരികൾ. 2020ൽ പ്രഖ്യാപിക്കുകയും കോവിഡ് പ്രതിസന്ധി കാരണം വിതരണം മാറ്റിവെയ്‌ക്കുകയും ചെയ്‌ത പുരസ്‌കാരങ്ങളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

ഐവി ശശിയുടെ ചലച്ചിത്ര കാഴ്‌ചപ്പാടുകളോട് കിടപിടിക്കുന്ന മുഖ്യധാര സിനിമകളെയാണ് ‘ഐവി ശശി ഫിലിം അവാർഡ്’ എന്നു പേരിട്ടിരിക്കുന്ന അവാർഡിനായി പരിഗണിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് ജോൺപോൾ, നിർമാതാവ് വിബികെ മേനോൻ, സംവിധായകൻ റോഷൻ ആൻഡ്രൂസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചിരിക്കുന്നത്. കലാസംവിധായകൻ നേമം പുഷ്‌പരാജ്‌ രൂപകൽപന ചെയ്‌ത ശിൽപവും പ്രശസ്‌തിപത്രവും അമ്പതിനായിരം രൂപയുമടങ്ങുന്നതാണ് ഐവി ശശി പുരസ്‌കാരം.

IV Sasi Award 'Utsavam' on April 7 at Ernakulam Fine Arts Hall

160ലധികം സിനിമകൾക്ക് ചുക്കാൻ പിടിച്ച ഐ വി ശശി മലയാള സിനിമയിലെ പരമ്പരാഗത ശൈലികൾ ലംഘിച്ചുകൊണ്ട് സിനിമക്ക് പുതിയ മാനദണ്ഡങ്ങൾ സ്‌ഥാപിക്കുകയും, വാണിജ്യ സിനിമയ്‌ക്ക് പുതിയ വ്യാകരണം സൃഷ്‌ടിക്കുകയും ചെയ്‌ത സംവിധായകനാണ്. സൗന്ദര്യ ശാസ്‍ത്രത്തെയും വാണിജ്യ സാധ്യതകളെയും കൃത്യമായി കോർത്തിണക്കിയ ഇദ്ദേഹം ആരാധനാ പദവി നേടിയ അപൂർവം സംവിധായകരിൽ ഒരാളാണ്.’ -ഫസ്‌റ്റ് ക്ളാപ്പ് സംഘാടകർ പറഞ്ഞു.

IV SASI Award _ Mathukutty Xavier _ Film Director
മാത്തുക്കുട്ടി സേവ്യർ (മികച്ച നവാഗത സംവിധായകൻ)

‘മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലെ സിനിമകൾ ഉൾക്കൊള്ളുന്ന ഐവി ശശിയുടെ ചലച്ചിത്രജീവിതം ഒരിക്കലും സ്‌ഥിരത കൈവരിക്കാൻ വേണ്ടിയായിരുന്നില്ല, മറിച്ച് ഉള്ളടക്കം, കഥാപാത്രങ്ങൾ, ആഖ്യാന സാങ്കേതികത എന്നിവയിൽ മലയാള സിനിമയുടെ അതിരുകൾ ഭേദിക്കുന്നതിന് വേണ്ടിയായിരുന്നു.’ -ഫസ്‌റ്റ് ക്ളാപ്പ് തുടർന്നു.

IV SASI Lifetime Achievement Award to Seema
നടി സീമ (ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം)

‘താരങ്ങളെ മാത്രം വെച്ച് സിനിമ ചെയ്യാൻ സംവിധായകർ അണിനിരന്ന എഴുപതുകളിൽ, ഐ വി ശശി തന്റെ ആദ്യചിത്രമായ ‘ഉൽസവം’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ സിനിമക്ക് പുതിയവ്യാകരണം നൽകി. അവളുടെ രാവുകൾ, ആൾക്കൂട്ടത്തിൽ തനിയെ, ആരൂഢം, ഈറ്റ, മൃഗയ, ഇൻസ്‌പെക്‌ടർ ബൽറാം തുടങ്ങി 170ഓളം ചിത്രങ്ങൾ സിനിമാസ്വാദനത്തിൽ പുതിയ മാനങ്ങൾ നൽകി രസിപ്പിച്ച സിനിമകളായിരുന്നു. ഇത്തരമൊരു പ്രതിഭയുടെ സ്‌നേഹ സ്‌മരണാർഥമാണ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ പുരസ്‌കാരം’ -ഫസ്‌റ്റ് ക്ളാപ്പ് വ്യക്‌തമാക്കി.

IV SASI Award _ Anna Ben
മികച്ച നവാഗത നടി അന്ന ബെന്‍ (Image: Ameen Photography)

പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഐവി ശശി ഇന്റർനാഷണൽ ഷോട്ട് ഫിലിം ഫെസ്‌റ്റിവലിന്റെ പ്രഥമ പുരസ്‌കാരദാനവും ഇതോടൊപ്പം നടക്കും. സംവിധായക൯ ലിജോ ജോസ് പെല്ലിശ്ശേരി ജൂറി ചെയർമാനും സംവിധായകരായ മധുപാൽ, അ൯വർ റഷീദ്, വിധു വി൯സെന്റ്, മിഥു൯ മാനുവൽ തോമസ്, മധു സി നാരായണ൯ എന്നിവർ ജൂറി അംഗങ്ങളുമായ പാനലാണ് ഷോട്ട് ഫിലിം ഫെസ്‌റ്റിവലിന്റെ വിധിനിർണയിച്ചത്.

IV SASI Award _ Manu Ashokan _ Film Director
മനു അശോകൻ (മികച്ച രണ്ടാമത്തെ നവാഗത സംവിധായകൻ)

പുരസ്‌കാരനിശയിൽ ഔസേപ്പച്ചന്‍, ഗോപിസുന്ദര്‍, മധു ബാലകൃഷ്‌ണൻ, സുധീപ്, മൃദുല, സംഗീത, അപർണ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടി നടക്കും. നടൻമാരായ ബിജുമേനോന്‍, ജനാര്‍ദ്ദനന്‍, സുരേഷ്‌കൃഷ്‌ണ, കൈലാഷ്, സാദ്ദിഖ് എന്നിവരും സംവിധായകനും നടനുമായ മധുപാലും ചടങ്ങിൽ പങ്കെടുക്കും.

Most Read: നടിയെ ആക്രമിച്ച കേസ്; സാക്ഷി സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE