ഉപ്പള: കന്യാലമുണ്ടോടി സുതംബളയിൽ തോട്ടത്തിൽ കുഴിച്ചിട്ട ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് വിദഗ്‌ധ പരിശോധനക്ക് അയച്ചു. കാസർഗോഡ് ആർഡിഒ അതുൽ സ്വാമിനാഥന്റെ അനുമതിയോടെ പോലീസ് സർജൻ, ഫോറൻസിക് വിദഗ്‌ധർ, റവന്യൂ അധികൃതർ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മഞ്ചേശ്വരം തഹസിൽദാർ പിജെ ആന്റോയുടെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. പരിശോധനാ റിപ്പോർട് ഇന്ന് ലഭിക്കും.
ജാർഖണ്ഡ് സ്വദേശി ശിവചന്ദ് ഒന്നര മാസം മുമ്പാണ് ജോലി സ്‌ഥലമായ കന്യാലയിൽ മരിച്ചത്. തുടർന്ന് കന്യാല സുതംബള തോട്ടിന്റെ കരയിൽ മൃതദേഹം ആരും അറിയാതെ മറവ് ചെയ്യുകയായിരുന്നു. തെങ്ങിൻ തൈ നട്ട നിലയിലാണ് മൃതദേഹം മറവ് ചെയ്‌ത സ്‌ഥലമുള്ളത്. സംഭവത്തിൽ കാസർഗോഡ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം നടത്ത ന്നത്. മരണ കാരണം വ്യക്‌തമായാൽ മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാനാകുള്ളുവെന്ന് കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായർ പറഞ്ഞു.
നടപടികൾ പാലിക്കാതെ മൃതദേഹം മറവ് ചെയ്‌തതുമായി ബന്ധപ്പെട്ട് സ്‌ഥലത്തിന്റെ മേൽനോട്ടക്കാരൻ ഉൾപ്പടെ അഞ്ചുപേരെ മഞ്ചേശ്വരം പോലീസ് കരുതൽ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. എന്നാൽ, ഇവരുടെ മൊഴികളിലെ വൈരുദ്ധ്യമാണ് കേസിൽ ദുരൂഹത വർധിപ്പിച്ചത്. ആദ്യം കുളത്തിൽ വീണ് മരിച്ചുവെന്ന് സ്‌ഥലം ഉടമ പറഞ്ഞെങ്കിലും പിന്നീട് മരം വെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചുവെന്നാണ് മൊഴി നൽകിയത്. ശിവ ചന്ദിന്റെ കൂടെ ജോലി ചെയ്‌തവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണം സംഘം ശേഖരിക്കും.
Most Read: ‘ആശുപത്രിയിലേക്ക് പോകുംവഴി ജീപ്പ് നിർത്തിയിട്ടു’; പോലീസിനെതിരെ മധുവിന്റെ സഹോദരി