വയനാട്: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം അബദ്ധത്തിൽ ഉണ്ടായ അപകടമല്ലെന്ന് കണ്ടെത്തൽ. കോട്ടത്തറ പഞ്ചായത്തിലെ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. തോക്കിൽ തിര നിരക്കുന്നതിനിടെ അബദ്ധത്തിൽ ഉണ്ടായ അപകടമല്ലെന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്. ജയന് വെടികൊണ്ടത് ദൂരെ നിന്നാണെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കേസിലെ ദുരൂഹത മാറ്റാനായി കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 15 അംഗ അന്വേഷണ സംഘം രൂപീകരിച്ചു. ബാലസ്‌റ്റിക് വിദഗ്‌ധരുടെ അടക്കം സഹായത്തോടെയാവും അന്വേഷണമെന്ന് പോലീസ് വ്യക്‌തമാക്കി. മരിച്ച ജയന്റെ മൃതദേഹത്തിൽ നിന്നും പരിക്കേറ്റ ശരണിന്റെ ശരീരത്തിൽ നിന്നും ഓരോ വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. ഇത് ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കും.
കാട്ടുപന്നിയെ തുരത്താൻ ശ്രമിക്കുന്നതിനിടെ അജ്‌ഞാത സംഘം വെടിവെച്ചെന്നാണ് ജയനോടൊപ്പം ഉണ്ടായിരുന്നവരുടെ മൊഴി. തോക്കിൽ തിര നിരക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർന്നതാകാം എന്നായിരുന്നു പോലീസിന്റെയും സംശയം. കമ്പളക്കാട് നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വണ്ടിയാമ്പറ്റയിൽ നെൽപ്പാടത്ത് രണ്ട് ദിവസം മുൻപായിരുന്നു സംഭവം. ജയന്റെ ഒപ്പമുണ്ടായിരുന്ന ബന്ധു ശരൺ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഇവരെ കൂടാതെ കോളനിയിലെ ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Most Read: ഒമൈക്രോൺ യുഎഇയിലും സ്‌ഥിരീകരിച്ചു; രണ്ടുഡോസും സ്വീകരിച്ച യുവതിയിലാണ് രോഗബാധ