ദുബൈ: ഒമൈക്രോൺ വൈറസ് യുഎഇയിലും സ്‌ഥിരീകരിച്ചതായി ഖലീജ് ടൈംസ്. ഇന്നലെ രാത്രിയോടെയാണ് ആഫ്രിക്കയിൽ നിന്നെത്തിയ യുവതിയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. നേരെത്തെ സൗദിയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തിരുന്നു.
ദുബൈയിൽ നടക്കുന്ന എക്‌സ്‌പോയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നുള്ള ഒഴുക്കിനെ ഒമൈക്രോൺ എങ്ങനെ ബാധിക്കുമെന്നത് അധികൃതരുടെ കടുത്ത ആശങ്കയായിരുന്നു. ഇതിനിടയിലാണ് യുഎഇയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി റിപ്പോർട് വരുന്നത്. ഇന്ത്യക്കാർ ഏറെയുള്ള യുഎഇയിലും സൗദിയിലും രോഗം സ്‌ഥിരീകരിച്ചത്, ഇന്ത്യയിലും ആകുലതകൾ സൃഷ്‌ടിക്കുന്നുണ്ട്.
യുഎയിൽ ആഫ്രിക്കയിൽ നിന്നെത്തിയ യുവതിയിൽ രോഗം സ്‌ഥിരീകരിയച്ചതായി ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചതെന്ന് ഖലീജ് ടൈംസ് പറയുന്നു. ഇവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നതായും ഇവരെ ഐസോലേഷനിലേക്ക് മാറ്റിയതായും അധികൃതരുടെ വിശദീകരണമുണ്ട്. കാര്യമായ രോഗലക്ഷണങ്ങൾ ഇവർ പ്രകടിപ്പിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഏഴു ആഫ്രിക്കൻ രാജ്യങ്ങൾക്ക് യുഎഇ നിരോധനം ഏർപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയുന്നത്. എന്നിട്ടും ആഫ്രിക്കയിൽ നിന്ന് ഈ യുവതി ഏതുമാർഗമാണ് എത്തിയതെന്ന് അധികൃതർ വിശദീകരിച്ചിട്ടില്ല.
വടക്കേ ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ സൗദി പൗരനിലാണ് കഴിഞ്ഞ ദിവസം സൗദിയിൽ ഒമൈക്രോൺ ബാധ കണ്ടെത്തിയിരുന്നത്. ഇവിടെ രോഗിയുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും ഐസോലേഷനിലേക്ക് മാറ്റിയിരുന്നു. യുഎയിലും യുവതിയുമായി സമ്പർക്കം പുലർത്തിയവരെ ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Most Read: മൊബൈലിനായി പിടിവലികൂടി കുരങ്ങും കുഞ്ഞും; വീഡിയോ വൈറൽ