അപൂർവ സൗഹൃദത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളർത്തു നായയും മാൻകുഞ്ഞും തമ്മിലുള്ള സ്‌നേഹ സൗഹൃദത്തിന്റെ ഹൃദയം കീഴടക്കുന്ന കഥ വെർജീനിയ സ്വദേശിയായ റാൽഫ് ഡോൺ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആറു മാസം മുൻപ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളും വീഡിയോയും ഇപ്പോൾ വീണ്ടും വൈറൽ ആവുകയാണ്.
റാൽഫിന്റെ പ്രിയപ്പെട്ട വളർത്തുനായയാണ് ഗോൾഡൻ ഡൂഡിൽ വിഭാഗത്തിൽ പെട്ട ‘ഹാർലി’. ഒരു ദിവസം പെട്ടന്ന് ഹാർലിയെ കാണാതായത് മുതലാണ് സംഭവത്തിന്റെ തുടക്കം. ഹാർലിയെ കാണാതായത് മുതൽ റാൽഫ് പരിഭ്രാന്തിയിലായി. ഹാർലിയെ അന്വേഷിച്ച് റാൽഫ് എല്ലായിടങ്ങളിലും കറങ്ങി. അൽപ നേരത്തെ അന്വേഷണത്തിന് ശേഷം അടുത്തുള്ള തടാകത്തിൽ നിന്ന് ഹാർലിയെ റോൾഫ് കണ്ടെത്തുകയായിരുന്നു.
തടാകത്തിൽ ഒരു കുഞ്ഞു മാൻകുട്ടിക്കൊപ്പം ഹാർലി നീന്തുന്ന കൗതുകകരമായ കാഴ്‌ചയാണ് റാൽഫ് കണ്ടത്. അപകടം ഒന്നും സംഭവിക്കാതെ മാൻകുഞ്ഞിനെയും ഹാർലിയെയും കരക്കെത്തിച്ചു. കരക്ക് എത്തിയതും മാൻ കുഞ്ഞിനെ ഹാർലി നക്കിത്തുടച്ചു വൃത്തിയാക്കി. മാൻകുഞ്ഞ് എങ്ങനെ തടാകത്തിൽ പെട്ടതെന്ന് വ്യക്‌തമല്ല. അൽപ നേരത്തിന് ശേഷം മാൻകുഞ്ഞ് അമ്മക്കൊപ്പവും ഹാർലി റാൽഫിനൊപ്പവും മടങ്ങി.
പിന്നീടുള്ള ദിവസങ്ങളിൽ എപ്പോഴും ഹാർലി പുറത്തുപോകാൻ തിടുക്കം കാണിക്കുകയും റാൽഫ് ഹാർലിയെ പുറത്തുവിടുകയും ചെയ്‌തു. ഹാർലി എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കിയ റാൽഫ് കണ്ട കാഴ്‌ച ഏവരുടെയും ഹൃദയം കീഴടക്കുന്നതായിരുന്നു.
പുറത്തു മരത്തിന് സമീപത്തായി ഹാർലിയെ കാത്ത് നിൽക്കുകയായിരുന്നു മാൻകുഞ്ഞ്. മാൻകുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഹാർലി പുറത്തുപോകാൻ വാശിപിടിച്ചത്. ഹാർലിയെ കണ്ടതും മാൻകുഞ്ഞ് ഓടി അരികിലെത്തി. അവർ ഒരുമിച്ച് കുറച്ച് നേരം ചിലവഴിച്ചതിന് ശേഷം മാൻകുഞ്ഞ് അമ്മയോടൊപ്പം കാട്ടിലേക്ക് മടങ്ങി. റാൽഫ് പങ്കുവച്ച ചിത്രങ്ങളും കുറിപ്പും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Most Read: ശരീരത്തിന് ഗുണം ചെയ്യാൻ പഴങ്ങൾ കൃത്യ സമയത്ത് കഴിക്കാം