കണ്ണൂർ: ആലക്കോടിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനായി പഞ്ചായത്ത് നടപ്പാക്കിയ ജലനിധി പദ്ധതിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പെന്ന് പരാതി. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസി കെ.പി സാബു വിജിലന്‍സിന് പരാതി നല്‍കി.
2013-2017 ല്‍ 16 കോടി രൂപ ചെലവാക്കിയാണ് ജലനിധി പദ്ധതി നടപ്പിലാക്കിയത്. പദ്ധതി തുകയുടെ 80 ശതമാനം സര്‍ക്കാരില്‍ നിന്നും 15 ശതമാനം പഞ്ചായത്തില്‍ നിന്നും ബാക്കി 5 ശതമാനം ഗുണഭോക്തൃ വിഹിതവും ആയിരുന്നു. ഇതനുസരിച്ച് 1,800 ഗുണഭോക്താക്കള്‍ 4000 രൂപ വീതം 7.2 ലക്ഷം രൂപ പഞ്ചായത്തില്‍ അടച്ചിരുന്നു.
പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ ഇടപെടല്‍ മൂലം പരിയാരത്തെ സെന്റര്‍ ഫോര്‍ സസ്റ്റയ്നബിള്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്ന കമ്പനിക്കാണ് നിര്‍മാണ ചുമതല നല്‍കിയിരുന്നത്. മുഴുവന്‍ പണവും കരാറുകാരന്‍ കൈപ്പറ്റിയിരുന്നു. എങ്കിലും ഇതുവരെ ഒരു പൈപ്പില്‍ നിന്ന് പോലും വെള്ളം ലഭിച്ചിട്ടില്ല. ഭരണസമിതിയിലെ ചില ആളുകളുടെ പിന്തുണയോടെ കരാറുകാരന്‍ നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വ്യാജ രേഖയുണ്ടാക്കി പണം തട്ടുകയും നിര്‍മാണത്തിന് ഗുണമേന്മയില്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചെന്നും ആരോപണം ഉണ്ടായിരുന്നു.
കിണര്‍, കുളം എന്നിവ കുഴിക്കുന്നതിനും പമ്പ് ഹൗസുകളും വാട്ടര്‍ ടാങ്കും നിര്‍മിക്കുന്നതിനും നാട്ടുകാര്‍ സൗജന്യമായി സ്ഥലം നല്‍കിയിരുന്നു. ഈ സ്ഥലങ്ങള്‍ക്കാണ് വ്യാജരേഖ ഉണ്ടാക്കി പണം തട്ടിയതായും നാട്ടുകാര്‍ പറയുന്നു. കാവുംകുടി പദ്ധതിക്ക് മാത്രം ഒരു കോടി രൂപയിലധികം ചെലവായി. മറ്റ് വാര്‍ഡുകളില്‍ ചെറുപദ്ധതികളാണ് നടപ്പിലാക്കിയത്.