കണ്ണൂർ: സര്‍വകലാശാലയില്‍ മുൻ വർഷത്തെ ചോദ്യപേപ്പര്‍ അതേപോലെ ആവര്‍ത്തിച്ച സംഭവത്തിനു പിന്നാലെ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പിജെ വിന്‍സെന്റ് സ്‌ഥാനം ഒഴിയുന്നു. പരീക്ഷാ കണ്‍ട്രോളര്‍ ആയുള്ള ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സ്‌ഥാനം ഒഴിയുന്നത്.
നാളെ (ചൊവ്വാഴ്‌ച) സ്‌ഥാനം ഒഴിയുന്ന വിന്‍സെന്റ്, ബുധനാഴ്‌ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപക തസ്‌തികയിലേക്ക് മടങ്ങും.
സൈക്കോളജി പരീക്ഷയുടെ രണ്ടു ചോദ്യപേപ്പറുകള്‍ ആവര്‍ത്തിക്കുകയും ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറില്‍ 95 ശതമാനം ചോദ്യങ്ങള്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പറില്‍നിന്ന് ആവര്‍ത്തിക്കുകയും ചെയ്‌തതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ പരീക്ഷാ കണ്‍ട്രോളര്‍ക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ബിഎസ്‌സി സൈക്കോളജി മൂന്നാം സെമസ്‌റ്ററിലെ സൈക്കോളജി ഓഫ് ഇന്‍ഡിവിജ്വല്‍ ഡിഫറന്‍സസ്, ന്യൂറോ ബയോളജിക്കല്‍ പെര്‍സ്‌പെക്റ്റീവ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് കഴിഞ്ഞ വര്‍ഷത്തേത് ആവര്‍ത്തിച്ചത്. തുടര്‍ന്ന് സര്‍വകലാശാല ഈ പരീക്ഷകള്‍ റദ്ദാക്കി.
തൊട്ടുപിന്നാലെ നടന്ന ബിഎസ്‌സി ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിലും ആവര്‍ത്തനമുണ്ടായി. 40 മാര്‍ക്കിന്റെ ചോദ്യപേപ്പറില്‍ 34 മാര്‍ക്കിന്റേതും കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങളായിരുന്നു. ഇതും വിവാദം രൂക്ഷമാകാന്‍ കാരണമായി.
Most Read: വിജയ് ബാബു നാളെ ഹാജരാകണം; ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്