ആലുവ: കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ടുമണിമുതൽ ആരംഭിച്ച ചടങ്ങുകൾ വൈകീട്ട് മൂന്നുവരെ നീളും. സംസ്ഥാനത്തെ വിവിധ പുണ്യസ്ഥലങ്ങളിൽ ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വർക്കല പാപനാശം എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് വലിയ തിരക്കാണ് ഇപ്പോഴുള്ളത്. പെരിയാർ തീരത്തെ 40 താൽക്കാലിക ബലിത്തറകളിൽ പുലർച്ചെ തർപ്പണം ആരംഭിച്ചു. തിരക്ക് കണക്കിലെടുത്ത് രാത്രി 12 മണിമുതൽ മെട്രോ സർവീസ് ആരംഭിച്ചിരുന്നു.
ക്ഷേത്ര ദർശനത്തിന് ഒരേസമയം 500 പേർക്ക് വരിനിൽക്കാവുന്ന പന്തൽ ഒരുക്കിയിട്ടുണ്ട്. മണപ്പുറത്തെ നടവഴികൾ ബാരിക്കേഡ് കെട്ടി തിരിച്ചു. പുഴയിൽ ഇറിഗേഷൻ വകുപ്പ് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെങ്കിലും അടിയൊഴുക്ക് ശക്തമായതിനാൽ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ച് മാത്രമേ ഇറങ്ങാവൂ. കാലാവസ്ഥ പ്രതികൂലമായാൽ പുഴയോരത്ത് നിന്ന് ബലിതർപ്പണം മുകളിലേക്ക് മാറ്റാനുള്ള ബദൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്റ്റ് ഗോസ്റ്റ്’ കണ്ണൂരിലും






























