ബെംഗളൂരു: പിതാവിനൊപ്പം കണ്‌ഠീവര സ്‌റ്റുഡിയോയിൽ ഇനി കന്നഡികരുടെ സ്വന്തം അപ്പുവും അന്ത്യവിശ്രമം കൊള്ളും. ഇന്ന് രാവിലെയോടെയാണ് അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. പുലർച്ചെ നാലു മണിക്ക് കണ്‌ഠീരവ സ്‌റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ച ശേഷം രാവിലെ 7.30ഓടെയാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.
അമേരിക്കയിലുള്ള മൂത്ത മകൾ നാട്ടിലെത്താൻ വൈകിയതോടെയാണ് സംസ്‌കാരം ഇന്നത്തേക്ക് മാറ്റിയത്. തുടർന്ന് ചടങ്ങുകൾക്ക് ആരാധകർ ഒന്നടങ്കം എത്തുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്ന സർക്കാരിന്റെ അഭ്യർഥന കണക്കിലെടുത്ത് സംസ്‌കാര ചടങ്ങുകൾ പുലർച്ചയിലേക്ക് മാറ്റാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങൾക്ക് പുറമെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, കന്നഡ സിനിമയിലെ പ്രമുഖ നടീനടൻമാർ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പുനീതിന് അസ്വസ്‌ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ബെംഗളുരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിക്കുകയായിരുന്നു. അന്ന് വൈകുന്നേരം മുതൽ ആരംഭിച്ച പൊതുദർശനത്തിൽ ഏകദേശം 2 ലക്ഷത്തോളം ആളുകൾ അന്ത്യാജ്‌ഞലി അർപ്പിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ കന്നഡ സിനിമ മേഖലയിലുള്ള ഒട്ടുമിക്ക താരങ്ങളെല്ലാം നേരിട്ടെത്തി പുനീതിന് അന്തിമോപചാരം അർപ്പിച്ചു.
Read also: ക്ഷേത്ര ദർശനത്തിനിടെ ദളിത് കുടുംബം ആക്രമിക്കപ്പെട്ടു; സമരം പ്രഖ്യാപിച്ച് മേവാനി