ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ചികിത്സ വീടുകളിൽ; സർക്കാർ മാർഗനിർദ്ദേശം ഏറ്റെടുത്ത് മാതൃകയായി കാസർകോട്

By Desk Reporter, Malabar News
covid_2020 Aug 19
Representational Image
Ajwa Travels

കാസർകോട്: സംസ്ഥാനത്തെ പരിഷ്കരിച്ച കോവിഡ് ചികിത്സാ രീതിയുടെ ചുവടുപിടിച്ച് കാസർകോട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. ജീവിതശൈലീ രോഗങ്ങളോ, മറ്റു പ്രശ്‌നങ്ങളോ, കോവിഡ് ലക്ഷണങ്ങളോ ഇല്ലാത്ത രോഗബാധിതരെ വീട്ടിൽ തന്നെ ഐസൊലേഷനിൽ ചികിത്സിക്കാമെന്ന മാർഗനിർദ്ദേശം സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം കൃത്യമായ ആസൂത്രണം നടത്തിയാണ് ആരോഗ്യവകുപ്പും കാസർകോട് ജില്ലാ ഭരണകൂടവും വീടുകളിൽ ചികിത്സ ആരംഭിച്ചത്.

താഴെ തട്ടിലുള്ള ആരോഗ്യ സംവിധാനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജാഗ്രത സമിതികളേയും കോർത്തിണക്കിയാണ് ജില്ലാതലത്തിൽ ഏകോപനം നടത്തുന്നത്. കോവിഡ് രോഗികളുടെ പട്ടിക അതാത് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൈമാറും. രോഗികൾക്ക് ലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യപ്രവർത്തകർ നേരിട്ടും വീടുകളിലെ ഐസൊലേഷൻ സൗകര്യം ജാഗ്രതാസമിതികളും ഉറപ്പുവരുത്തിയതിന് ശേഷമാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതിയോടുകൂടി വീടുകളിൽ ചികിത്സ നടത്തുന്നത്.

നിരീക്ഷണത്തിൽ നിൽക്കുന്നവരെ ദിവസേന ആരോഗ്യ പ്രവർത്തകർ പരിശോധിക്കുകയും റിപ്പോർട്ട് മെഡിക്കൽ ഓഫീസർമാർക്ക് കൈമാറുകയും ചെയ്യുന്നു. ഇതോടൊപ്പം പോലീസിൻറെ നീരിക്ഷണവും മേൽനോട്ടവും നടന്നുവരുന്നുണ്ട്. വീടുകളിൽ ചികിത്സയിൽ ഉള്ളവരുടെ അന്വേഷണത്തിന് മാത്രമായി ജില്ലാതലത്തിൽ കൺട്രോൾ സെല്ലിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടമാർ അടങ്ങിയ സംഘത്തിന് പ്രത്യേക പരിശീലനം നൽകി നിയമിക്കുകയും ചെയ്‌തു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ദ്ധ സംഘം ജില്ലാ തലത്തിൽ മോണിറ്ററിങ് ടീം ആയി പ്രവർത്തിച്ചു വരുന്നുണ്ട്. രോഗികളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ്, പൾസ് റേറ്റ് എന്നിവ സ്വയം നിരീക്ഷിക്കാൻ ആവശ്യമായ പൾസ് ഓക്‌സിമീറ്റർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്നു. ഇതിൻറെ റീഡിങ് പരിശോധന എങ്ങനെയാണെന്നും റീഡിങ് വ്യത്യാസം വന്നാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാനും ഇവർ നിർദ്ദേശിക്കുന്നു.

പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ അവരെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്കോ, മറ്റ് കോവിഡ് ആശുപത്രികളിലേക്കോ മാറ്റുന്നതിനും സംവിധാനമൊരുക്കി. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇത്തരത്തിൽ ചികിത്സ ആവശ്യമായ രോഗികൾക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

151 പേരാണ് നിലവിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. ചെറുവത്തൂർ, ഉദുമ പഞ്ചായത്തുകളിലും, കാസർകോട് നീലേശ്വരം നഗരസഭകളിലുമാണ് ഏറ്റവും കൂടുതൽ രോഗികൾ വീടുകളിൽ ചികിത്സയിലുള്ളത്.

ജാഗ്രതാ സമിതികളുടെ കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തുന്നതിലൂടെയും വിവിധ വകുപ്പുകളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെയും ഈ പ്രവർത്തനം മികച്ച രീതിയിൽ മൂന്നോട്ട് കൊണ്ടു പോകാൻ സാധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ജില്ലാ കൺട്രോൾ സെല്ലുമായി 9946013321 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE