ചർമത്തിന് ഏറെ ശ്രദ്ധ കൊടുക്കേണ്ട സമയമാണ് വേനൽ കാലം. വെയിലേറ്റ് ചർമത്തിന്റെ തിളക്കം നഷ്‌ടപ്പെട്ട് കരുവാളിപ്പ് വരികയും മുഖത്ത് തടിപ്പുകൾ വരുന്നതും നിറം മങ്ങുന്നതും ഏവരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്.
കത്തുന്ന വേനലിൽ ഫ്രഷ് ആയി നിൽക്കാൻ എന്ത് ചെയ്യണമെന്നറിയാത്ത അങ്കലിപ്പിലാണ് പലരും. എന്നാൽ, ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ലളിതവും സുന്ദരവുമായ ചില പ്രകൃതിദത്ത പൊടിക്കൈകൾ ഒന്ന് ശീലിച്ചുനോക്കിയാൽ മതി.
ചില പൊടിക്കൈകൾ
1. വെയിലത്ത് നിന്ന് തിരിച്ചെത്തുമ്പോൾ മുഖമാകെ വാടിയിട്ടുണ്ടാകും. മുഖത്തിന്റെ ഫ്രഷ്‌നെസ് തിരിച്ചുപിടിക്കാൻ പഞ്ചസാരയും ഒലിവ് ഓയിലും ഉപയോഗിക്കാം. ഒരു ടീസ്‌പൂൺ ഒലിവ് ഓയിലിൽ അൽപ്പം പഞ്ചസാര കലർത്തി ലയിപ്പിക്കുക. ഇത് കൈകൊണ്ടോ തുണികൊണ്ടോ മുഖത്ത് തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിന് ശേഷം കഴുകി കളയാം.
2. മുഖത്തിന്റെ തിളക്കം തിരിച്ചുപിടിക്കാൻ റോസ് വാട്ടർ, ചന്ദനം എന്നിവ ഉപയോഗിക്കാം. ഒരു സ്‌പൂൺ ചന്ദനപ്പൊടി എടുത്ത് അതിൽ ആവശ്യത്തിന് റോസ് വാട്ടർ ഒഴിച്ച് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയാം.
3. മുഖത്തിന്റെ ഫ്രഷ്‌നെസ് തിരിച്ചുപിടിക്കാൻ വെള്ളരിക്കയും ഫലപ്രദമാണ്. വെള്ളരിക്ക അരച്ചെടുത്ത് മുഖത്ത് പുരട്ടുക. 30 മിനിട്ടിന് ശേഷം കഴുകി കളയുക. വെയിലേറ്റ് വാടിയ ചർമത്തിന് തണുപ്പ് ലഭിക്കാനും ഇത് സഹായിക്കും.
4. ചിലരുടെ മുഖത്ത് വെയിലേറ്റാൽ ചുവന്ന പാടുകൾ വരാറുണ്ട്. അത്തരക്കാർ തണ്ണിമത്തൻ മിക്‌സിൽ അടിച്ചെടുത്ത് മുഖത്ത് പുരട്ടുക. 10 മിനിട്ടിന് ശേഷം കഴുകി കളയാം. ഇത് ചുവന്ന പാടുകൾ മായ്‌ക്കുകയും മുഖത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും.
(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)
Most Read: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; റിപ്പോർട്