ജനീവ: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്. ജൂൺ മാസത്തോടു കൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരുമെന്നാണ് റിപ്പോർട്. ചൈനയുടെ ജനസംഖ്യ 142.57 കോടി ആയിരിക്കുമെന്നും യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്‌റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിൽ പറയുന്നു.
ചൈനയേക്കാൾ 29 ലക്ഷം ജനം ഇന്ത്യയിൽ കൂടുതലായിരിക്കും. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. ജൂണിൽ ആഗോള ജനസംഖ്യ 80.45 ബില്യണിൽ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 2011 മുതൽ സെൻസസ് നടത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയെ കുറിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല.
ഇന്ത്യയുടെ സെൻസസ് 2011ൽ നടക്കേണ്ടതായിരുന്നു. എന്നാൽ, കോവിഡ് വ്യാപനം കാരണം വൈകി. കോവിഡിന് ശേഷം ജനസംഖ്യാ സെൻസസ് എപ്പോൾ നടക്കുമെന്ന കാര്യത്തിലും വ്യക്‌തതയില്ല. പ്യൂ റിസർച്ച് സെന്റർ പറയുന്നതനുസരിച്ച്, യുഎൻ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ 1950 മുതൽ ഇന്ത്യയിലെ ജനസംഖ്യ ഒരു ബില്യണിലധികം വർധിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇന്ത്യയിലെ ജനസംഖ്യയിൽ 1.56 ശതമാനം വളർച്ചയുണ്ട്. 2022ൽ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടി ആയിരുന്നുവെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യയിൽ മൂന്നാം സ്‌ഥാനത്ത് അമേരിക്കയാണ്. 2023 മധ്യത്തോടെ 34 കോടി ജനസംഖ്യയാണ് അമേരിക്കയിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ജനസംഖ്യയുടെ മുന്നിൽ രണ്ടും 15നും 64നും ഇടയിൽ ഉള്ളവരാണെന്നും യുഎൻ ഡാറ്റയിൽ പറയുന്നു.
ഏപ്രിൽ 14ന് ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പ്രവചിച്ചിരുന്നു. ഐക്യരാഷ്‌ട്ര സഭയുടെ അടക്കം ജനസംഖ്യ പ്രവചന കണക്കുകളുടെ അടിസ്‌ഥാനത്തിലാണ് ഇക്കാര്യം റിപ്പോർട് ചെയ്യുന്നതെന്ന് റോയിട്ടേഴ്‌സ് വ്യക്‌തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 14ന് ഇന്ത്യയിലെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്നാണ് റോയിട്ടേഴ്‌സ് പറഞ്ഞത്. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്‌ഥിരീകരിക്കാൻ വൈകുമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Most Read: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റാമെന്ന് സർക്കാരിന് തീരുമാനിക്കാം; കൂടുതൽ സമയം അനുവദിച്ചു