തിരുവനന്തപുരം: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്നും അന്തിമ തീരുമാനമായില്ല. അരിക്കൊമ്പനെ പിടികൂടി മാറ്റുന്നത് സംബന്ധിച്ച ഹരജിയിൽ സർക്കാർ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിന് പകരം സ്‌ഥലം കണ്ടെത്താൻ കോടതി കൂടുതൽ സമയം അനുവദിച്ചു. സ്‌ഥലം കണ്ടെത്തും വരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ടാസ്‌ക് ഫോഴ്‌സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്‌ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട് വിദഗ്‌ധ സമിതിയെ സീൽ ചെയ്‌ത കവറിൽ അറിയിക്കണം. സർക്കാർ തീരുമാനിച്ച സ്‌ഥലം വിദഗ്‌ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാത്തുനിൽക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്‌തമാക്കി.
ഇടുക്കിക്ക് പുറമെ വയനാട്ടിലും പാലക്കാടും ദൗത്യ സംഘം വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പഠിക്കുകയാണ് ദൗത്യ സംഘത്തിന്റെ ചുമതല. ഡിഎഫ്ഒയും റവന്യൂ ഡിവിഷനൽ ഓഫീസറും ദൗത്യ സംഘത്തിൽ ഉണ്ടാകണം. ദൗത്യസംഘം പഠിച്ചു റിപ്പോർട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.
ജസ്‌റ്റിസ് എകെ ജയശങ്കർ നമ്പ്യാർ, ജസ്‌റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. പറമ്പിക്കുളത്തിന് പകരം യോജിച്ച മറ്റൊരു ഇടത്തേക്ക് അരിക്കൊമ്പനെ മാറ്റണമെങ്കിൽ ഒരാഴ്‌ചക്കകം സ്‌ഥലം നിശ്‌ചയിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്‌ഥലം കണ്ടെത്താൻ ആയില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് തന്നെ ആനയെ മാറ്റണമെന്ന മുൻ ഉത്തരവ് കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: ‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും