ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം പാർലമെന്റാണ് പരിഗണിക്കേണ്ടത് എന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളി സുപ്രീം കോടതി. വിഷയം ചർച്ച ചെയ്യേണ്ടത് കോടതിയിലല്ല എന്ന പ്രാഥമിക എതിർപ്പ് ആദ്യം പരിഗണിക്കണം എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടത്.
കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് ബാധകമാകുന്ന പൊതുപട്ടികയിലാണ് വിവാഹമെന്നും അതുകൊണ്ട് വിഷയം പരിഗണിക്കേണ്ടത് പാർലമെന്റ് ആണെന്നുമായിരുന്നു സോളിസിറ്റർ ജനറലിന്റെ വാദം. എന്നാൽ ഇത് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളുകയും ഹരജിക്കാർക്ക് പറയാനുള്ളത് ആദ്യം കേൾക്കുമെന്നും വ്യക്‌തമാക്കി. കോടതിയുടെ നടപടികൾ എങ്ങനെ വേണം എന്ന് തങ്ങളോട് പറയേണ്ടതില്ലെന്നും അത് അനുവദിക്കാറില്ലെന്നും ചീഫ് ജസ്‌റ്റിസ് അറിയിച്ചു.
തുടർന്ന് ഹരജിക്കാരോട് വാദം തുടരാൻ ആവശ്യപ്പെട്ടു. വാദം ഇന്നും നാളെയും തുടരും. രാജ്യത്തെ മുഴുവൻ ബാധിക്കുന്ന കാര്യത്തിൽ പ്രഗൽഭരായ അഞ്ചു പേർക്കിരുന്ന് തീരുമാനം എടുക്കാൻ ആകില്ലെന്നും വിവാഹത്തിന്റെ പരിധിയിൽ പുതിയ ബന്ധത്തെ നിർവചിക്കാൻ ആകില്ലെന്നും തുഷാർ മേത്ത പറഞ്ഞു. ഇതിന് പുറമെ, കേസിൽ തുടർന്ന് ഹാജരാകാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ടെന്നും മേത്ത കോടതിയിൽ പറഞ്ഞു.
എന്നാൽ, കോടതി ഇതിനെ വിമർശിച്ചു. ഹാജരാകാൻ ആകില്ലെന്നാണോ സോളിസിറ്റർ ജനറൽ പറയുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ, താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ജെൻഡർ എന്നത് ലിംഗാടിസ്‌ഥാനത്തിൽ ഉള്ള ആശയം അല്ലെന്നും അത് സങ്കീർണമാണെന്നും ഹരജികൾ പരിഗണിക്കവെ ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമർശിച്ചിരുന്നു. വ്യക്‌തി വിവാഹ നിയമങ്ങളിൽ നിന്ന് മാറി സ്‌പെഷ്യൽ മാരേജ് ആക്‌ടിലാണ് കക്ഷികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് സഞ്‌ജയ് കിഷൻ കൗൾ, ജസ്‌റ്റിസ് എസ് രവീന്ദ്ര ബട്ട്, ജസ്‌റ്റിസ് ഹിമ കോഹ്‌ലി, ജസ്‌റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേന്ദ്ര സർക്കാർ, രണ്ടു സംസ്‌ഥാന സർക്കാരുകൾ, വിവിധ മതസാമൂഹിക സംഘടനകൾ, വ്യക്‌തികൾ എന്നിവരുടെ ഹരജികളാണ് ബെഞ്ച് പരിഗണിക്കുന്നത്.
Most Read: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും