ന്യൂഡെൽഹി: നിയമസഭാ യോഗത്തിൽ വിവാദ കാർഷിക നിയമങ്ങളുടെ പകർപ്പ് കീറിയെറിഞ്ഞ സംഭവത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി. ഇക്കാര്യത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഡെൽഹി ഘടകം പോലീസിൽ പരാതി നൽകി. ബിജെപിയുടെ ഐടി സെൽ മേധാവി അഭിഷേക് ദുബെയാണ് പരാതി നൽകിയിരിക്കുന്നത്. നിയമങ്ങളുടെ പകർപ്പ് കീറിയെറിഞ്ഞ പ്രവർത്തിയിലൂടെ മുഖ്യമന്ത്രി രാജ്യ തലസ്‌ഥാനത്ത് സമരം ചെയ്യുന്ന കർഷകരെ പ്രോൽസാഹിപ്പിക്കുകയാണ് ചെയ്‌തതെന്ന് പരാതിയിൽ പറയുന്നു.
കർഷക പ്രക്ഷോഭം ആളിക്കത്തിക്കാൻ കെജ്‌രിവാൾ ഗൂഢാലോചന നടത്തുകയാണെന്നും നഗരത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ ബിജെപി ആരോപിച്ചു. ഡിസംബർ 17ന് അദ്ദേഹം ഒരു പ്രത്യേക സെഷൻ വിളിച്ചു ചേർത്തു. കാർഷിക നിയമങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചർച്ചക്കിടയിൽ ഭരണഘടനാ വിരുദ്ധമായി കേന്ദ്രത്തിന്റെ നിയമങ്ങൾ അദ്ദേഹം വലിച്ചുകീറി. ഇത് കർഷകരെ പ്രചോദിപ്പിക്കുകയാണ്- ബിജെപി പറയുന്നു.
Also Read: കേന്ദ്രത്തിനെതിരെ മമതാ ബാനർജി സുപ്രീം കോടതിയിലേക്ക്
വിഷയത്തിൽ ഇടപെടണമെന്ന് ഡെൽഹി പോലീസിനോട് ദുബെ ആവശ്യപ്പെട്ടു. ഡെൽഹിയിലെ സ്‌ഥിതി ഗതികൾ മോശമാവുകയാണെങ്കിൽ അതിന് ഉത്തരവാദി അരവിന്ദ് കെജ്‌രിവാളാണ്. അതിനാൽ, അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ദുബെ വ്യക്‌തമാക്കി.