സ്‌കൂൾ തുറക്കുന്നതിന് നിർദേശങ്ങളായി; ആദ്യ ആഴ്‌ച ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 10, പ്ളസ്‌ 2 ക്ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പരമാവധി 50 ശതമാനം വിദ്യാർഥികളെ മാത്രമേ സ്‌കൂളുകളിൽ അനുവദിക്കാൻ പാടുള്ളു. ആദ്യത്തെ ആഴ്‌ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ളാസ് ക്രമീകരിക്കണം. രണ്ട് ഷിഫ്റ്റുകളായാണ് ക്ളാസുകൾ പ്രവർത്തിക്കേണ്ടത്. രാവിലെ ഒൻപതിനോ അല്ലെങ്കിൽ പത്തിനോ ആരംഭിച്ച് പന്ത്രണ്ടിനോ ഒന്നിനോ അവസാനിക്കുന്ന ആദ്യത്തെ ഷിഫ്റ്റും ഒരുമണിക്കോ അല്ലെങ്കിൽ രണ്ടുമണിക്കോ ആരംഭിച്ച് നാലിനോ അഞ്ചിനോ അവസാനിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റും.

സ്‌കൂളിലെ ആകെയുള്ള കുട്ടികൾ, ലഭ്യമായ ക്ളാസ് മുറികൾ, മറ്റുസൗകര്യങ്ങൾ എന്നിവ കണക്കിലെടുത്തുവേണം സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കാൻ. കുട്ടികൾ തമ്മിൽ കുറഞ്ഞത് രണ്ടുമീറ്റർ ശാരീരികാകലം പാലിക്കണം. പലബാച്ചുകളിലെ വിദ്യാർഥികൾക്ക് ക്ളാസ് ആരംഭിക്കുന്ന സമയം, ഇടവേള, ക്ളാസ് അവസാനിക്കുന്ന സമയം എന്നിങ്ങനെ വ്യത്യസ്‌തമായി ക്രമീകരിക്കണം.

കോവിഡ് രോഗബാധിതർ (കുട്ടികൾ, അധ്യാപകർ, സ്‌കൂൾ ജീവനക്കാർ), രോഗലക്ഷണമുള്ളവർ, ക്വാറന്റെയിനിൽ കഴിയുന്നവർ എന്നിങ്ങനെയുള്ളവർ ആരോഗ്യവകുപ്പ് നിശ്‌ചയിച്ചിട്ടുള്ള ദിവസങ്ങൾക്ക് ശേഷം മാത്രമേ സ്‌കൂളിൽ എത്താവൂ. അണുനശീകരണ പ്രവർത്തനങ്ങൾ സ്‌കൂളിൽ ഉറപ്പുവരുത്തണം. മുഖാവരണം, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് തുടങ്ങിയവയും ക്രമീകരിക്കണം. സ്‌റ്റാഫ്‌റൂമിലും അധ്യാപകർ നിശ്‌ചിത സാമൂഹിക അകലം പാലിക്കണം. ശാരീരിക അകലം പാലിക്കുന്നത് ഓർമിപ്പിക്കുന്ന തരത്തിലുള്ള പോസ്‌റ്ററുകൾ, സ്‌റ്റിക്കറുകൾ, സൂചനാബോർഡുകൾ എന്നിവയും സ്‌കൂളിൽ പ്രദർശിപ്പിക്കണം. കുട്ടികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ആവശ്യഘട്ടങ്ങളിൽ ആരോഗ്യപരിശോധനാ സൗകര്യവും ഒരുക്കണം.

സ്‌കൂൾ വാഹനങ്ങളിലും മറ്റു വാഹനങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം. കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എല്ലാ സ്‌കൂളുകളിലും കോവിഡ് സെൽ രൂപീകരിക്കണം. ആഴ്‌ചയിൽ ഒരിക്കൽ യോഗം കൂടി കോവിഡ് സാഹചര്യം വിലയിരുത്തണമെന്നും നിർദേശമുണ്ട്. വിദ്യാർഥികളുടെ പഠനപ്രയാസങ്ങളും മറ്റു ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ കൗൺസിലിംഗ് ലഭ്യമാക്കണം. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. യാത്രക്കിടെ രോഗം ബാധിക്കാനുള്ള നിരവധി സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ വിദ്യാർഥികൾ നിർബന്ധമായും നിർദേശങ്ങൾ പാലിക്കണം .

ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ളാസിൽ ഉപയോഗിക്കുന്ന വസ്‌തുക്കളും മറ്റുള്ളവരുമായി പങ്കുവെക്കരുത്. രോഗലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കാൻ സിക്ക് റൂം ക്രമീകരിക്കണം. പ്രാഥമിക സുരക്ഷാ കിറ്റും ലഭ്യമാക്കണം എന്നിങ്ങനെയാണ് പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നത്.

Read also: കോവിഡ് വാക്‌സിനേഷന്‍; രാജ്യത്ത് നാല് സംസ്‌ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE