തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറക്കുക. അതോടെ കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും. ഇന്ധനവില നികുതി കുറച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ധനമന്ത്രി പറഞ്ഞു.
കടുത്ത പ്രതിഷേധത്തിനൊടുവിൽ രാജ്യത്ത് ഇന്ധനവില കുറച്ചിരുന്നു. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് അർധ രാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.
ഇതിനിടെ ഇന്ധനവില കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 60 ദിവസം കൊണ്ട് പെട്രോൾ വിലയിൽ 10 രൂപയാണ് കൂട്ടിയതെന്ന് രൺദീപ് സുർജേവാല പറഞ്ഞു. ഇത്രയും വില കുത്തനെ കൂട്ടിയ ശേഷം ഇപ്പോൾ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ച് ജനങ്ങളെ പറ്റിക്കരുതെന്നും ഡീസലിന് പത്ത് രൂപ വർധിപ്പിച്ചിട്ട് ഇപ്പോൾ കുറച്ചത് ഏഴ് രൂപ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം പിണറായി സർക്കാർ പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറക്കണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ ഇത്രയധികം വില കുറച്ച സാഹചര്യത്തിൽ കേരളവും വില കുറക്കാൻ തയ്യാറാകണമെന്നും ജനദ്രോഹ നയത്തിൽ നിന്ന് പിണറായി സർക്കാർ പിൻമാറിയില്ലെങ്കിൽ ശക്‌തമായ പ്രതിഷേധം ബിജെപി സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
Most Read: ദുരഭിമാന കൊല; ഹരിദ്വാറിൽ സഹോദരിയെ കൊന്ന പ്രതികൾക്ക് തൂക്കുകയർ