ഗെയ്‌ലിന് മിന്നല്‍ ഫിഫ്റ്റി; പഞ്ചാബിന് എട്ട് വിക്കറ്റ് ജയം

By Sports Desk , Malabar News
Ajwa Travels

ഷാര്‍ജ: മുഹമ്മദ് ഷമിയുടെ (4-0-35-3) ബൗളിംഗ് പ്രകടനവും ക്രിസ് ഗെയിൽ -മന്‍ദീപ് സഖ്യത്തിന്റെ ബാറ്റിംഗ് മികവും കണ്ട മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ കൊല്‍ക്കത്ത നൈറ്റ് റെയ്ഡേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 150 റണ്‍സ് പഞ്ചാബ് 18.5 ഓവറില്‍ നേടി. മന്‍ദീപ് സിംഗ് (66), നിക്കോളസ് പൂരന്‍ (2) എന്നിവര്‍ പുറത്താകാതെ നിന്നു. ക്രിസ് ഗെയ്ല്‍ 29 പന്തുകളില്‍ 5 സിക്‌സും 2 ഫോറും ഉള്‍പ്പടെ 51 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്‌ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സ് എടുത്തു

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തക്ക് കഴിഞ്ഞ കളിയിലേതിന് സമാനമായി തുടക്കത്തില്‍ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. ആദ്യ ഓവര്‍ എറിയാന്‍ ഗ്ളെൻ മാക്‌സ് വെല്ലിനെ വിളിച്ച ക്യാപ്റ്റന്‍ രാഹുലിന്റെ തീരുമാനം ഫലം കണ്ടു. രണ്ടാം പന്ത് സ്‌ക്വയര്‍ ലെഗിലേക്ക് കളിച്ച നിതീഷ് റാണ ക്രിസ് ഗെയ്‌ലിന്റെ കയ്യിൽ ഒതുങ്ങി. കഴിഞ്ഞ മത്സരത്തിലെ താരം പുറത്താകുമ്പോള്‍ റണ്‍സ് ഒന്നും നേടിയിരുന്നില്ല.

മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറില്‍ രാഹുല്‍ ത്രിപാടി (7), ദിനേശ് കാര്‍ത്തിക് (0) എന്നിവരുടെ വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്ത കടുത്ത പ്രതിരോധത്തിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍-ശുബ്‌മാൻ ഗില്‍ കൂട്ടുകെട്ട് വന്നതോടെ കളിയുടെ ഗതി മാറി. ഇരുവരും ആക്രമണം അഴിച്ചുവിട്ടതോടെ സ്‌കോര്‍ കുത്തനെ ഉയര്‍ന്നു. 10ആം ഓവറില്‍ ആര്‍.ബിഷ്‌ണോയി ഈ കൂട്ടുകെട്ട് പൊളിച്ചതോടെ കളി പഞ്ചാബിന് അനുകൂലമായി മാറുകയായിരുന്നു.

25 പന്തില്‍ നിന്ന് 2 ഫോറും 5 സിക്‌സും ഉള്‍പ്പടെ 40 റണ്‍സ് നേടിയ മോര്‍ഗന്‍ ബൗണ്ടറിയില്‍ എം.അശ്വിന്‍ പിടിച്ച് പുറത്താക്കി. കഴിഞ്ഞ കളിയില്‍ തകര്‍ത്തടിച്ച സുനില്‍ നരെയ്ന്‍ വന്നതുപോലെ മടങ്ങി. 6 റണ്‍സ് എടുത്ത സുനിലിനെ ജോര്‍ദാന്‍ ക്ളീൻ ബൗള്‍ഡാക്കി. ഗിലിന് പിന്തുണ നല്‍കാന്‍ ആരും ഇല്ലാതായതോടെ സ്‌കോറിങ് നിരക്ക് കുറഞ്ഞു.

ഇതിനിടെ 4 സിക്‌സും 2 ഫോറുമുള്‍പ്പടെ ഫിഫ്റ്റി തികച്ച ഗില്‍ (57) ഷമിയുടെ പന്തില്‍ പൂരന്‍ പിടിച്ച് പുറത്തായി. 13 പന്തില്‍ നിന്ന് 24 റണ്‍സ് എടുത്ത എല്‍.ഫെര്‍ഗൂസന്‍ പുറത്താകാതെ നിന്നു. ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന് തോന്നിയ സ്‌കോറാണ് തുടരെ വിക്കറ്റുകള്‍ വീണതിനാല്‍ 149ല്‍ ഒതുങ്ങിയത്. ഷമിയെ കൂടാതെ പഞ്ചാബിനായി ജോര്‍ദാന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് കെ എല്‍ രാഹുലും മന്‍ദീപ് സിംഗും ചേര്‍ന്ന് സുരക്ഷിതമായ തുടക്കമാണ് നല്‍കിയത്. കൂറ്റനടികള്‍ കുറവായിരുന്നെങ്കിലും വിക്കറ്റ് കളയാതെ സഖ്യം എട്ടാം ഓവര്‍ വരെ മുന്നേറി. എട്ടാം ഓവറിലെ അവസാന പന്തില്‍ വരുണ്‍ ചക്രവര്‍ത്തി കെ എല്‍ രാഹുലിനെ (28) വിക്കറ്റിന് മുന്നില്‍ കുടുക്കി.

വരുണിനെ തുടര്‍ച്ചയായി രണ്ട് സിക്‌സറിന് പറത്തി തുടങ്ങിയ ഗെയ്ല്‍ സുനില്‍ നരെയ്‌നെയും രണ്ട് തവണ ഗാലറിയില്‍ എത്തിച്ച് വെടിക്കെട്ട് നടത്തിയപ്പോള്‍ നങ്കൂരമിട്ട് കളിച്ച മന്‍ദീപ് സിങ് മികച്ച പിന്തുണ നല്‍കി. ഇരുവര്‍ക്കും ഇടയിലെ കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറുന്നതിനിടെ മന്‍ദീപ് അര്‍ധ ശതകം തികച്ചു. 49 പന്തുകളില്‍ 1 സിക്‌സും 6 ബൗണ്ടറിയും ഉള്‍പ്പട്ട ഇന്നിങ്സ് ആയിരുന്നു മന്‍ദീപിന്റേത്.

National News: ബിഹാര്‍: പരസ്യ പ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് ബുധനാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE