കോവിഡ്: അടച്ചിട്ട മുറി കൊല്ലും; മുന്നറിയിപ്പുമായി ഡോക്‌ടറുടെ കുറിപ്പ്

By Desk Reporter, Malabar News
Closed room kill
Representational Image
Ajwa Travels

അടച്ചിട്ട മുറികളിൽ കോവിഡ് വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ഐഎംഎയുടെ സമൂഹ മാദ്ധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൈകൾ കഴുകുന്നതുമെല്ലാം ഏവർക്കും അറിയുന്നതും പാലിക്കപ്പെടുന്നതുമായ കാര്യങ്ങളാണ്. എന്നാൽ, അധികം ആരും പ്രാധാന്യം കൊടുക്കാത്തതും വളരെ പ്രധാനപ്പെട്ടതുമായ ഒന്നാണ് അടച്ചിട്ട മുറികൾ രോഗ സാധ്യത വർധിപ്പിക്കും എന്നത് എന്ന് ഡോക്‌ടർ ഫേസ്ബുക്കിൽ കുറിച്ചു. അടച്ചിട്ട മുറികളിൽ ഇരിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും വാതിലും ജനാലകളും തുറന്നിട്ടും എസി പൂർണമായും ഒഴിവാക്കിയും മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

അടച്ചിട്ട മുറി?
ക്ളോസ്‌ഡ്‌ റൂം കിൽസ്!
“അടച്ചിട്ട മുറി കൊല്ലും”.
അതെ, അങ്ങനെ തന്നെയാണ് പറഞ്ഞത്.
കോവിഡ്- 19നെ സംബന്ധിച്ചിടത്തോളം മാസ്‌കും സാമൂഹിക അകലവും കൈകൾ കഴുകുന്നതുമൊക്കെ ‘ഗർഭസ്‌ഥശിശുവിനും’ അറിയാമെന്ന് തോന്നുന്നു.
അതിശയോക്‌തിയല്ല .

ഇതിനെക്കുറിച്ചുള്ള സർവ വിവരവും മിക്കവാറും എല്ലാവർക്കമറിയാം. എല്ലാം കൃത്യമായി പാലിക്കപ്പെടുന്നോയെന്നുള്ള കാര്യം മറ്റൊന്ന്. പക്ഷേ അധികം പ്രാധാന്യം കൊടുക്കാത്ത മറ്റൊരുകാര്യം അടച്ചിട്ട മുറികളെ കുറിച്ച് തന്നെയാണ്. അതെ, അടച്ചിട്ട മുറി കൊല്ലും. വീടുകളിലും ഓഫിസിലും കടയിലും എന്തിന് ആശുപത്രികളിൽ പോലും അടച്ചിട്ട മുറി കൊല്ലും.

അടച്ചിട്ട മുറികളിൽ കോവിഡ്-19 വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ലോകാരോഗ്യ സംഘടന ആദ്യ കാലം മുതൽ തന്നെ പറയുന്നുണ്ട്. ചെറിയ ദ്രവ കണികകളിലൂടെ പകരുന്ന രോഗമാണ് കോവിഡ്-19 എന്നുള്ളതിനു സംശയമില്ല.

എന്നാൽ വായുവിലൂടെ ഒരു ചെറിയ പങ്ക് പകരുന്നുണ്ട് എന്നുള്ളത് വളരെ വ്യക്‌തം.
പുതിയ വേരിയന്റുകളുടെ കാര്യത്തിൽ പകർച്ച വ്യാപന തോത് കൂടിയിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ അടച്ചിട്ട മുറിയുടെ പ്രാധാന്യം കൂടുതൽ തന്നെയാണ്.
അവ ഒഴിവാക്കിയേ കഴിയുള്ളൂ.

സ്‌കൂളുകളിലും ഓഫിസിലും കടകളിലുമൊക്കെ വരാന്തകൾ കഴിവതും ഉപയോഗിക്കുക. ടെറസും കാർ ഷെഡും വരെ ഉപയോഗിക്കാം. അത് കഴിഞ്ഞില്ലെങ്കിലോ? ഓഫിസിൽ ചെന്നാൽ ആദ്യം ജനൽ വാതിലുകൾ തുറന്നിടുക. വായു അകത്തേക്ക് വന്നാൽ പോര പുറത്തേക്കും പോകണം. അതുകൊണ്ടുതന്നെ ക്രോസ് വെന്റിലേഷൻ വളരെ പ്രാധാന്യമർഹിക്കുന്നു. അപ്പോൾ പിന്നെ ജനലും തുറക്കണം.

ഇനി നമ്മുടെയൊക്കെ ഓഫിസുകളും കടകളുമൊക്കെ ജനൽ വാതിലുകൾ തുറന്നാലും വായുസഞ്ചാരമുള്ളതെന്ന് പറയാൻ കഴിയില്ല. അപ്പോൾ ഈ വായുസഞ്ചാരം കൂട്ടാൻ എന്തു ചെയ്യും.

വാക്‌സിൻ മാഫിയ, മരുന്ന് മാഫിയ, അവയവദാന മാഫിയ തുടങ്ങി ഹെൽമറ്റ് മാഫിയ എന്ന വിളിപ്പേർ വരെ കേട്ടിട്ടുണ്ട്. ഇനി ‘ഫാൻ മാഫിയ’ എന്നൂടി വിളിക്കില്ലെന്നുറപ്പു തന്നാൽ ഒരു രഹസ്യം പറയാം.

പെഡസ്‌റ്റൽ ഫാൻ അല്ലെങ്കിൽ ഫ്ളോറിൽ വെക്കുന്ന ഒരു ഫാൻ വാങ്ങി മുറിയിൽ വെക്കണം. ഫാനിന്റെ കാറ്റ് ജനലിലൂടെ, വാതിലിലൂടെ വായുവിനെ പുറത്തേക്ക് തള്ളണം.

എസി തൊട്ടുപോകരുത്.
എസിയെ പ്ളഗ് പോയിന്റിൽ നിന്ന് തന്നെ മാറ്റി ഇട്ടോളൂ.
എയർകണ്ടീഷൻ മാഫിയയെന്ന് വിളിക്കാതിരിക്കാനുള്ള സൈക്കോളജിക്കൽ മൂവെന്നു പറയുമോയെന്നറിയില്ല!

എയർകണ്ടീഷൻ കോവിഡ്-19 കൂട്ടുക തന്നെ ചെയ്യും. അത് തൊട്ടുപോകരുത്
ഇനി എസി കൂടിയേ കഴിയൂ എന്ന് നിർബന്ധമാണെങ്കിൽ ഒറ്റക്ക്, അതെ ഒറ്റക്ക് എസി ഉപയോഗിച്ചതിന് ശേഷം ഒരു 15 മിനിറ്റെങ്കിലും ജനൽ, വാതിൽ തുറന്നിട്ടതിനു ശേഷം മറ്റുള്ളവരെ പ്രവേശിപ്പിക്കുക.

അപ്പോൾ ഓഫിസിലും കടയിലും ആശുപത്രിയിലും ചെന്നാൽ ആദ്യം ജനലും വാതിലും മലർക്കെ തുറന്നിടുക. അടച്ചിട്ട മുറി കൊല്ലും. ആരും കൊല്ലപ്പെടാതിരിക്കട്ടെ. എന്തായാലും കോവിഡുമായി ഒരുമിച്ച് ജീവിച്ചു പോവുകയെ നിവൃത്തിയുള്ളൂ. അവനെ നമുക്ക് സാധാരണ വൈറൽ പനി പോലെയാക്കണം.
അയിന്?
അയിന്
മാസ്‌കും അകലവും
കൈകഴുകലും കൂടാതെ
ജനൽ വാതിലുകൾ മലർക്കെ തുറന്നിടൂ….
അടച്ചിട്ട മുറി കൊല്ലാതിരിക്കട്ടെ!

Most Read:  ശ്രദ്ധിക്കണം; അലർജി നിസാരക്കാരനല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE