കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരാവസ്‌ഥയിലായ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.
ഹോസ്‌റ്റലിലെ 15 ഓളം വിദ്യാർഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ഏഴ് പേരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റ് വിദ്യാർഥിനികളുടെ നില തൃപ്‌തികരമാണ്. ഇന്നലെ ഉച്ചയ്‌ക്ക് ഹോസ്‌റ്റലിൽ നിന്ന് ചായയ്‌ക്കൊപ്പം കഴിച്ച പലഹാരത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് സംശയിക്കുന്നു. വയറു വേദനയും ശർദ്ദിയും മറ്റ് ദേഹാസ്വസ്‌ഥ്യവും അനുഭവപ്പെട്ടതോടെയാണ് വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ ലഭിക്കുന്ന ഭക്ഷണം നാല് ഹോസ്‌റ്റലുകളിലേക്കായി ഒരുമിച്ചു നൽകാനായി പാകം ചെയ്യുന്നതാണ്. ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ മെഡിക്കൽ റിപ്പോർട് വന്നതിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്‌തമാകുവെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Most Read: എൻസിബിക്ക് മുന്നിൽ ഹാജരാകില്ല; സാവകാശം തേടി അനന്യ