മുംബൈ: നടി അനന്യ പാണ്ഡെ ഇന്ന് എൻസിബിയ്‌ക്ക് മുന്നിൽ ഹാജരാകില്ല. വ്യക്‌തിപരമായ കാരണങ്ങളാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നും തീയതി നീട്ടി നൽകണമെന്നും അനന്യ എൻസിപിയോട് അഭ്യർഥിച്ചു. അനന്യയുടെ ആവശ്യം അംഗീകരിച്ച എൻസിബി പുതിയ സമൻസ് അയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് അനന്യ പാണ്ഡെയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് നടിയെ എൻസിബി ആദ്യം ചോദ്യം ചെയ്‌തത്. അന്ന് രണ്ടുമണിക്കൂറിലേറെ അനന്യയെ എൻസിബി ചോദ്യം ചെയ്യുകയും ലാപ്‌ടോപ്പും രണ്ട് മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ഇവ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയക്കുമെന്നാണ് എൻസിബി നൽകുന്ന വിവരം.
കേസിൽ കസ്‌റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാനുമായി വാട്സാപ്പിൽ ചാറ്റ് ചെയ്‌ത യുവനടി അനന്യ ആണെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. ആര്യൻ കഞ്ചാവുണ്ടോ എന്ന് ചോദിച്ചപ്പോൾ ഏർപ്പാടാക്കാം എന്ന മറുപടിയാണ് അനന്യയെ വിവാദത്തിലാക്കിയത്. എന്നാൽ, ഇത് തമാശക്ക് പറഞ്ഞതാണെന്ന് ആയിരുന്നു അനന്യയുടെ വിശദീകരണം. മൊഴിയിൽ തൃപ്‌തിയില്ലാത്തതിനാൽ വെള്ളിയാഴ്‌ച നടിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു.
എന്നാൽ, വെള്ളിയാഴ്‌ച ഏകദേശം നാല് മണിക്കൂർ ചോദ്യം ചെയ്‌തെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. അതിനാലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അനന്യയ്‌ക്ക് എൻസിബി നിർദ്ദേശം നൽകിയത്.
Also Read: 10 ലക്ഷം വരെ ചികിൽസ സൗജന്യം; യുപിയിൽ വാഗ്‌ദാനങ്ങൾ തുടർന്ന് കോണ്‍ഗ്രസ്