ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിൽ കോണ്‍ഗ്രസ് വമ്പന്‍ വാഗ്‌ദാനങ്ങള്‍ നല്‍കുന്നത് തുടരുന്നു. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെയുള്ള ചികിൽസ സൗജന്യമായിരിക്കുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ പുതിയ വാഗ്‌ദാനം. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഈ വാഗ്‌ദാനം നല്‍കിയത്.
‘കോവിഡ് മഹാമാരിക്കിടെ സംസ്‌ഥാനത്തെ ചികിൽസാ സൗകര്യങ്ങളുടെ ദയനീയ അവസ്‌ഥ എല്ലാവരും കണ്ടതാണ്. നിലവിലെ സര്‍ക്കാരിന്റെ അലംഭാവവും അവഗണനയുമാണ് ഇതിന്റെ പിന്നില്‍. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്ത് അസുഖത്തിനും സൗജന്യ ചികിൽസ ഉറപ്പാക്കും. പത്ത് ലക്ഷം വരെയുള്ള ചികിൽസാ ചിലവ് സര്‍ക്കാര്‍ വഹിക്കും’- പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
പ്രകടന പത്രിക തയ്യാറാക്കുന്ന സമിതിയുടെ അനുമതിയോടെയാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്നും പ്രിയങ്ക വ്യക്‌തമാക്കി. നേരത്തെ പ്രിയങ്ക ജനങ്ങള്‍ക്ക് ഏഴ് വാഗ്‌ദാനങ്ങള്‍ നല്‍കിയിരുന്നു. 20 ലക്ഷം യുവാക്കള്‍ക്കും തൊഴില്‍ നല്‍കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും എന്നിവ അടക്കമുള്ള വാഗ്‌ദാനങ്ങളാണ് പ്രിയങ്ക നല്‍കിയത്.
ക്വിന്റലിന് 2500 രൂപ നല്‍കി ഗോതമ്പും, 400 രൂപ നിരക്കില്‍ കരിമ്പും സംഭരിക്കും, എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്‌ക്കും എന്നീ വാഗ്‌ദാനങ്ങളും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 40 ശതമാനം സീറ്റുകള്‍ സ്‍ത്രീകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച പ്രിയങ്ക സ്‍ത്രീകള്‍ക്ക് വേണ്ടി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും നേരത്തെ വ്യക്‌തമാക്കിയിരുന്നു.
യുപിയിലെ വിദ്യര്‍ഥിനികള്‍ക്ക് സ്‍മാർട്ട് ഫോണും വൈദ്യുത സ്‌കൂട്ടറും അടക്കമുള്ള വാഗ്‌ദാനങ്ങളും പ്രിയങ്ക നേരത്തെ നല്‍കിയിരുന്നു. 12ആം ക്ളാസ് പാസാകുന്ന പെണ്‍കുട്ടികള്‍ക്ക് സ്‍മാർട്ട് ഫോണും ബിരുദ തലത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഇ- സ്‌കൂട്ടറും നല്‍കുമെന്നായിരുന്നു പ്രിയങ്കയുടെ വാഗ്‌ദാനം.
Kerala News: മോന്‍സൺ മാവുങ്കൽ കേസ്; ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു