കൊച്ചി: മോന്‍സൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി ക്രം ബ്രാഞ്ച് രേഖപ്പെടുത്തി. കൊച്ചിയിലെ ബെഹ്‌റയുടെ വസതിയില്‍ വെച്ച് എഡിജിപി ശ്രീജിത്ത് ആണ് മൊഴി രേഖപ്പെടുത്തിയത്. മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് ബെഹ്‌റയോട് അന്വേഷണ സംഘം വിശദീകരണം തേടിയത്.
കേസുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവിക്ക് എന്തെല്ലാം അറിയാമെന്ന കാര്യം അന്വേഷണ സംഘം രേഖപ്പെടുത്തി. മോണ്‍സണുമായുള്ള ബന്ധം, അടുപ്പം എന്നീ കാര്യങ്ങളും പോലീസ് അന്വേഷിച്ചു.
നേരത്തെ മോണ്‍സണുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയില്‍ ബെഹ്‌റ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇദ്ദേഹം മോണ്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കൂടാതെ പ്രവാസി മലയാളി അനിത പുല്ലയിലിന്റെ വാട്‍സ്ആപ്പ് ചാറ്റിലും ബെഹ്‌റയുടെ പേര് പരാമര്‍ശിച്ചിരുന്നു.
അതേസമയം ബെഹ്‌റക്ക് പുറമെ എഡിജിപി മനോജ് എബ്രഹാമിന്റേയും ഐജി ലക്ഷ്‌മണയുടേയും മൊഴികള്‍ ക്രൈം ബ്രാഞ്ച് എടുത്തിട്ടുണ്ട്. മോണ്‍സനെതിരായ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ഐജി ലക്ഷ്‌മണയുടെ മൊഴി രേഖപ്പെടുത്തിയത്.
നാളെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിക്കാനിരിക്കെയാണ് മുന്‍ പോലീസ് മേധാവിയുടേതടക്കം മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
Most Read: കള്ളപ്പണം വെളുപ്പിക്കൽ; ഇബ്രാഹിം കുഞ്ഞിന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ