നിപ മരണം: മെഡിക്കൽ കോളേജിന്റെ വീഴ്‌ച പരിശോധിക്കും; ആരോഗ്യ മന്ത്രി

By Syndicated , Malabar News
nipah-updates
Ajwa Travels

കോഴിക്കോട്: ജില്ലയില്‍ നിപാ രോഗലക്ഷണങ്ങളോടെ രണ്ടുപേർകൂടി നിരീക്ഷണത്തിൽ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട രണ്ടുപേരിലാണ് പുതുതായി രോഗലക്ഷണങ്ങള്‍ കണ്ടിരിക്കുന്നത്. നിലവിൽ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

പന്ത്രണ്ടുകാരൻ നിപ ബാധിതനായി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കോവിഡ് സ്‌ഥിരീകരിച്ചിരുന്നില്ലെന്നും കുട്ടിയെ പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ സ്രവ പരിശോധന നടത്താതിരുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും വീണ ജോര്‍ജ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

രോഗപ്രതിരോധത്തിനും വ്യാപനം തടയുന്നതിനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ വാര്‍ഡിനൊപ്പം പ്രത്യേക ലാബും ഐസിയുവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, വളരെ പെട്ടെന്ന് തന്നെ പ്രതിരോധം ഒരുക്കിയാൽ നിപ്പ വ്യാപനം തടയാനാകുമെന്ന് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നിപ്പ വീണ്ടും വരാനുള്ള സാധ്യത നേരത്തെ തന്നെ വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിരുന്നു എന്നും ശൈലജ ടീച്ചർ പറഞ്ഞു.

കോഴിക്കോടിന് പുറമേ കണ്ണൂർ ജില്ലയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂരിൽ രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ചെറിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ശൈലജ ടീച്ചർ പറഞ്ഞു. ഞായറാഴ്‌ച രാവിലെയാണ് നിപ ബാധ സംശയിച്ച് ചികിൽസയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിക്കുന്നത്. കുട്ടി കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. 2018ല്‍ കോഴിക്കോട് ജില്ലയില്‍ ആയിരുന്നു കേരളത്തില്‍ ആദ്യമായി നിപ രോഗം സ്‌ഥിരീകരിച്ചത്.

Read also: കനത്ത സുരക്ഷാ വലയത്തിൽ യുപിയിൽ കർഷക മഹാപഞ്ചായത്ത് ചേരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE