തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ ആഭ്യന്തര ഓഡിറ്റ് ഇന്ന് ആരംഭിക്കും. വിജിലൻസ് ആവശ്യപ്പെട്ടാൽ വിശദീകരണം നൽകാനായിട്ടാണ് ഓഡിറ്റ് പരിശോധന റിപ്പോർട്ട് തയാറാക്കുക. ക്രമക്കേടായി ചൂണ്ടിക്കാട്ടി വിജിലൻസ് മാദ്ധ്യമങ്ങൾക്ക് നൽകിയ വിവരങ്ങളെല്ലാം പിഴവ് ഉണ്ടാകാത്ത നടപടി ക്രമങ്ങളാണെന്നാണ് കെഎസ്എഫ്ഇ പറയുന്നത്.
വിജിലൻസിന്റെ ക്രമക്കേട് വാദങ്ങൾ പൊളിക്കാൻ കൂടിയാണ് ധനവകുപ്പ് നിർദേശപ്രകാരം കെഎസ്എഫ്ഇയുടെ ബ്രാഞ്ചുകളിൽ ഇന്റേണൽ ഓഡിറ്റ് ഇന്ന് ആരംഭിക്കുന്നത്. 36 കെഎസ്എഫ്ഇ ശാഖകളിൽ കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള ക്രമക്കേടുകൾ ഉണ്ടെന്നാണ് വിജിലൻസ് പരിശോധനയിൽ പറഞ്ഞിരുന്നത്.
കെഎസ്എഫ്ഇയെ സംശയത്തിന്റെ മുൾമുനയിൽ നിർത്താനൊരുങ്ങിയ വിജിലൻസിന് കടിഞ്ഞാണിടാൻ ധനവകുപ്പിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ക്രമക്കേടെന്ന പേരിൽ വിജിലൻസ് പുറത്തുവിട്ട വിവരങ്ങളിൽ വസ്‌തുത ഉറപ്പിക്കാനും അവ തെറ്റാണെന്ന് സ്‌ഥാപിക്കാനുമാണ് ഓഡിറ്റ് നടത്തുന്നത്.
രണ്ട് ലക്ഷം രൂപ വരെ പണമായും അതിൽ കൂടുതലാണെങ്കിൽ ചെക്കായിട്ടുമായാണ് കെഎസ്എഫ്ഇയിൽ നിക്ഷേപം സ്വീകരിക്കുന്നത്. പണത്തിന്റെ ഉറവിടം ബാങ്കിൽ കാണിക്കേണ്ടതിനാൽ കള്ളപ്പണം വെളുപ്പിക്കൽ എന്ന വിജിലൻസ് വാദം തെറ്റാണെന്നും കെഎസ്എഫ്ഇ വിശദീകരിക്കുന്നു. ഇവയെല്ലാം സ്‌ഥാപിക്കാൻ കൂടിയാണ് ആഭ്യന്തര ഓഡിറ്റ് നടത്തുക.
Read also: ഓഹരി വിപണിയിൽ ഇന്ത്യക്ക് നേട്ടം, അമേരിക്കയെ പിന്നിലാക്കി; ആഗോളതലത്തിൽ രണ്ടാമത്