ന്യൂഡെൽഹി: ലോകത്തെമ്പാടുമുള്ള ഓഹരി വിപണികളിൽ മികച്ച നേട്ടം കൊയ്‌ത് രാജ്യത്തെ സൂചികകൾ. മാർച്ചിലെ കനത്ത തകർച്ചയിൽ നിന്ന് 76 ശതമാനമാണ് സൂചികകൾ ഉയർന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ നേട്ടത്തിന്റെ കാര്യത്തിൽ ഇന്ത്യൻ വിപണി രണ്ടാം സ്‌ഥാനത്താണ്. കനേഡിയൻ ഓഹരി സൂചികകളാണ് 79 ശതമാനം നേട്ടത്തോടെ ഏറ്റവും മുന്നിൽ. യുഎസ് വിപണി 73 ശതമാനത്തോടെ മൂന്നാമതാണ്.
വിദേശ നിക്ഷേപത്തിന്റെ ഒഴുക്കാണ് ഇന്ത്യൻ വിപണി ഇപ്പോൾ റെക്കോർഡ് വിപണി മൂല്യത്തിൽ എത്താൻ കാരണമായത്. 2.31 ലക്ഷം കോടി രൂപയാണ് മൊത്തം മൂല്യം.
വായ്‌പാ നയത്തിലെ അനുകൂല ഘടകങ്ങളും യുഎസ് തിരഞ്ഞെടുപ്പിനെ തുടർന്നുള്ള അനിശ്‌ചിതത്വം നീങ്ങിയതും ആഭ്യന്തര സൂചികകൾക്ക് കരുത്തുപകർന്നു. കോവിഡ് വാക്‌സിൻ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയിൽ അടുത്തിടെ ഉണ്ടായ മുന്നേറ്റത്തിന് പ്രധാന കാരണം. വിപണിയിലെ നേട്ടത്തിന് പിറകിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. എൻഎസ്ഇയിലെ പ്രതിദിന കാഷ് മാർക്കറ്റ് വിറ്റുവരവ് റെക്കോർഡ് നിലവാരമായ 1.47 ലക്ഷം കോടി രൂപയിലെത്തി.
നവംബറിൽ 8.32 ബില്യൺ ഡോളറാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലിറക്കിയത്. മാർച്ചിലെ തകർച്ചക്ക് ശേഷം മികച്ച നേട്ടമുണ്ടാക്കിയത് ഐടി, ബാങ്ക് മേഖലകളിലെ ഓഹരികളാണ്. ടെലികോം, എഫ്എംസിജി ഓഹരികൾ നഷ്‌ടത്തിൽ മുൻപന്തിയിലാണ്.
Read also:കോവീഷീൽഡ് ആരോപണം തെറ്റ്; പരാതിക്കാരനെതിരെ കർശന നടപടി; 100 കോടിയുടെ മാനനഷ്‌ട കേസ്