ലുലു മാളിന്റെ ഏറ്റവും പുതിയ ഷോറൂം പാലക്കാട് തുറന്നു; അടുത്തത് കോഴിക്കോട്ട്

പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്‌ചപറമ്പ് ജങ്ഷനിലാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പാലക്കാട്ടെ കാർഷിക മേഖലക്ക് ആശ്വാസമാകുന്ന രീതിയിൽ ആരംഭിച്ച മാളിൽ, 1400 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കും.

By Trainee Reporter, Malabar News
lulu mall palakkad
Ajwa Travels

പാലക്കാട്: ലുലു മാളിന്റെ ഏറ്റവും പുതിയ ഷോറൂം പാലക്കാട് പ്രവർത്തനം ആരംഭിച്ചു. പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്‌ചപറമ്പ് ജങ്ഷനിലെ പുതിയ ഷോറൂം, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഉൽഘാടനം ചെയ്‌തു. പാലക്കാട്ടെ കാർഷിക മേഖലക്ക് ആശ്വാസമാകുന്ന രീതിയിൽ ആരംഭിച്ച മാളിൽ, 1400 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കും.

രണ്ടുലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള മാളിൽ ഒരുലക്ഷം ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് പ്രധാന ആകർഷണം. ലോകപ്രശസ്‌ത ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ലഭ്യമാകും. ഗാർഹിക ഉൽപ്പന്നങ്ങളുടെയും ഇലക്‌ട്രോണിക്‌സ്, ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്‌ട് ഉണ്ട്. 250 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ടും ഇവിടുത്തെ പ്രത്യേകതയാണ്.

അതേസമയം, കേരളത്തിലെ അടുത്ത ലുലു മാൾ കോഴിക്കോട്ട് തുറക്കുമെന്നും പ്രവൃത്തികൾ 80 ശതമാനം പൂർത്തിയായെന്നും എംഎ യൂസഫലി ഉൽഘാടന വേളയിൽ പറഞ്ഞു. കോഴിക്കോട്, തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പടെ എട്ടിടങ്ങളിൽ പുതിയ മാളുകളും ഹൈപ്പർ മാർക്കറ്റുകളും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുറത്ത് ഗുജറാത്ത് (അഹമ്മദാബാദ്), തമിഴ്‌നാട് (ചെന്നൈ), മധ്യപ്രദേശ്, രാജസ്‌ഥാൻ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികൾ. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രം നോയിഡയിൽ ഒരുങ്ങുകയാണ്. എൻആർഐ നിക്ഷേപങ്ങളെ ആഭ്യന്തര നിക്ഷേപമായി കണ്ടു പിന്തുണക്കാനുള്ള സർക്കാർ തീരുമാനമാണ് ഇത്തരം വലിയ പദ്ധതികൾക്ക് വഴിതുറന്നതെന്നും അദ്ദേഹം പറഞ്ഞു.

എംഎ യൂസഫലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ, കണ്ണാടി പഞ്ചായത്ത് പ്രസിഡണ്ട് എം ലത എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എംഎ അഷ്റഫ് അലി ഉൽഘാടനം ചെയ്‌തു. ശിലാഫലകം ഷാഫി പറമ്പിൽ എംഎൽഎ അനാഛാദനം ചെയ്‌തു. ലുലു ഗ്രൂപ്പ് ഡയറക്‌ടർമാരായ എംഎ സലിം, മുഹമ്മദ് അൽത്താഫ്, ലുലു ഇന്ത്യ ഡയറക്‌ടർ ആൻഡ് സിഇഒ എംഎ നിഷാദ്, ഡയറക്‌ടർ ഫഹാസ് അഷ്റഫ്, സിഒഒ രജിത്ത് രാധാകൃഷ്‌ണൻ, ലുലു ഗ്രൂപ്പ് സിഎഫ്ഒ സതീഷ് കുറുപ്പത്ത്, ഷിബു ഫിലിപ്പ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ജൻമനാ ഇരുകൈകളും ഇല്ലാത്ത ആലത്തൂർ സ്വദേശി എംബി പ്രണവ് കാലുകൾ കൊണ്ട് വരച്ച ചിത്രം എംഎ യൂസഫലിക്ക് സമ്മാനിച്ചു. അദ്ദേഹം പ്രണവിന് ലുലു മാളിൽ ജോലിയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

Vanitha| കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ്‌ ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE