കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാലക്കാട് അകത്തേത്തറ സ്വദേശിയായ വിഭ ഉഷ രാധാകൃഷ്‌ണൻ. എംബിബിഎസ് എന്ന നേട്ടം എത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ, അവനിൽ നിന്ന് അവളിലേക്കുള്ള ദൂരവും വിഭയ്‌ക്ക് ഒട്ടും ചെറുതായിരുന്നില്ല. ഒട്ടേറെ കഷ്‌ടപ്പാടുകളുടെയും സഹനത്തിന്റെയും ഫലമാണ് ഇന്ന് വിഭ അനുഭവിക്കുന്ന വിജയത്തിന്റെ മാധുര്യം.
ഏറെ സങ്കീർണമായ ജീവിത സാഹചര്യങ്ങളെ, വെല്ലുവിളികളെ കുടുംബത്തിന്റെ സഹായത്തോടെയാണ് വിഭ ചെറുത്തു തോൽപ്പിച്ചത്. എംബിബിഎസ് പഠനത്തിന്റെ അവസാന കാലത്താണ് താൻ ആഗ്രഹിച്ച ജീവിതം വിഭ കൈയ്യെത്തിപ്പിടിച്ചത്. 2021ലാണ് ഇത്. പാലക്കാട്ടുകാരൻ വിപിൻ എന്ന് പേരുള്ള യുവാവിന്റെ അവസാന വർഷ എംബിബിഎസ് പഠന കാലം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് അന്ന് പിറവിയെടുത്തത് ഒരു ഡോക്‌ടർ മാത്രമായിരുന്നില്ല, 20 വർഷം മനസിൽ ഒളിപ്പിച്ചുവെച്ച വിഭയുടെ സ്വത്വം കൂടിയായിരുന്നു. കുട്ടിക്കാലത്ത് തന്നെ തന്റെയുള്ളിൽ ഒരു പെണ്ണാകാനുള്ള മോഹമുണ്ടെന്ന് വിഭ തിരിച്ചറിഞ്ഞിരുന്നു. നിർണായകമായത് പഠനകാലത്തെ ഒരു പ്രണയമാണ്. എന്നാൽ, ആരോട് പറയണമെന്നറിയാതെ ദിവസങ്ങളും നാളുകളും കടന്നു പോയി. ഒടുവിൽ വിപിൻ ആഗ്രഹം തുറന്നു പറഞ്ഞത് അമ്മയോട് തന്നെ ആയിരുന്നു.
ആദ്യം അമ്പരന്നെങ്കിലും മകന്റെ മകളിലേക്കുള്ള ദൂരത്തിൽ ആ അമ്മയും ഒപ്പം നിന്നു. കൂടാതെ, കോഴിക്കോട് മെഡിക്കൽ കോളേജിലെ സഹപാഠികളും സഹോദരനും കുടുംബവും വിപിന് പിന്തുണയുമായി കൂടെനിന്നു. ‘മൂത്തത് ആൺകുട്ടി ആയിരുന്നു. രണ്ടാമത്തേത് മകൾ ആകണമെന്ന് മനസുകൊണ്ട് ആഗ്രഹിച്ചിരുന്നു. കുട്ടിയെ എടുത്തിട്ട് ആൺകുട്ടി ആണെന്ന് പറഞ്ഞപ്പോൾ ഒരു വിഷമത്തോടെയാണ് ഞാൻ മൂളിയത്. ഇപ്പോൾ എനിക്ക് മകളെ കിട്ടി’- അമ്മ ഉഷ പറഞ്ഞു.
എംബിബിഎസ് പഠന നാളുകളിൽ ആയിരുന്നു ഹോർമോൺ തെറാപ്പി. വേദനകൾ കടിച്ചമർത്തി ഹൗസ് സർജൻസി പൂർത്തിയാക്കി. ഇപ്പോൾ പാലക്കാട് പുത്തൂരിലെ ഒരു സ്വകാര്യ ക്ളിനിക്കിൽ ജോലി ചെയ്യുകയാണ്. പലതും സഹിക്കേണ്ടി വന്നു. സമൂഹം ഇതൊന്നും ഉൾക്കൊള്ളുന്ന നിലയിലേക്ക് ഇന്നും എത്തിയിട്ടില്ലെന്നാണ് വിഭ പറയുന്നത്. ആത്‌മവിശ്വാസം കൈവിടാതെ വിഭ ഉപരിപഠനത്തിനായി വിദേശ യാത്രക്ക് ഒരുങ്ങുകയാണ്. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ ബേസിക്ക് സർട്ടിഫിക്കറ്റും വിഭ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
Kauthukam| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്