കുവൈറ്റ് : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്‌ച കാണിക്കരുതെന്ന് വ്യക്‌തമാക്കി കുവൈറ്റ് മന്ത്രിസഭ. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോക്‌ടർ ബാസിൽ അൽ സബാഹ് രാജ്യത്തെ നിലവിലെ കോവിഡ് സ്‌ഥിതിഗതികൾ വിശദീകരിച്ചതിന് ശേഷമാണ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യം വ്യക്‌തമാക്കിയത്.
രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നത് ഉൾപ്പടെ ആരോഗ്യസംരക്ഷണ മുൻകരുതലുകൾ പാലിക്കുന്നതിൽ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും, എന്നാൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ചിലർ അമാന്തം കാണിക്കുന്നതാണ് പ്രശ്‌നമെന്നും മന്ത്രിസഭ വിലയിരുത്തി. കൂടാതെ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ ആളുകൾക്കിടയിൽ താൽപര്യം വർധിച്ചത്, സമൂഹത്തിൽ രോഗപ്രതിരോധശേഷി വർധിക്കാനും ഇടയാക്കും.
നിലവിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുവൈറ്റിൽ കോവിഡ് വ്യാപനത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയ വീഴ്‌ചയാണ് ഇതിന് കാരണമെന്നും, ഇത് തുടർന്നാൽ വരും ദിവസങ്ങളിൽ പ്രതിസന്ധി ഗുരുതരമാകുമെന്നും മന്ത്രിസഭ വ്യക്‌തമാക്കി. അതിനാലാണ് സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്‌ച ചെയ്യരുതെന്ന് ആളുകളോട് മന്ത്രിസഭ അറിയിച്ചിരിക്കുന്നത്.
Read also : വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; തമിഴ്‌നാടിന് 6 ലക്ഷം ഡോസ് കൂടി അനുവദിച്ചു