കെവി തോമസ് പാർട്ടി വിടുകയില്ല; കോൺഗ്രസിൽ നിന്ന് പുറത്താക്കൽ അസാധ്യവും

By Desk Reporter, Malabar News
KV Thomas
Ajwa Travels

സിപിഎമ്മിന് രാഷ്‌ട്രീയ നേട്ടമായി മാറുന്ന കെവി തോമസിന്റെ നാളത്തെ ‘പാർട്ടികോൺഗ്രസ് പ്രവേശനം’ ഇടതുപക്ഷത്തേക്കുള്ള യാത്രയുടെ തുടക്കമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസിലെ സീനിയർ നേതാക്കളും അഭിപായപ്പെടുന്നത്, അതി ശക്‌തമായ വെല്ലുവിളിയും ഒപ്പം വിലപേശലിനും അപ്പുറത്തേക്ക് ഇതു കടക്കില്ലെന്നാണ്.

എഐസിസി പ്രസിഡണ്ട് സോണിയാ ​ഗാന്ധിയുടെ നിർദേശം മറികടന്ന് സിപിഎം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുത്താൽ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആവർത്തിച്ച് വ്യക്‌തമാക്കുമ്പോഴും, അതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പിന്തുണക്കുമ്പോഴും ഇതിനെയെല്ലാം മറികടന്ന് ‘ഭീഷണിക്ക് വഴങ്ങില്ല, പുറത്താക്കാൻ എഐസിസിക്ക് മാത്രമേ കഴിയൂ’ എന്ന നിലപാടോടെ ‘പാർട്ടികോൺഗ്രസ് പ്രവേശനം’ കെവി തോമസ് ഉറപ്പിക്കുമ്പോൾ അത് സുധാകരനോടുള്ള വ്യക്‌തിപരമായ വെല്ലുവിളിയായും സീനിയർ നേതാക്കൾ വിലയിരുത്തുന്നുണ്ട്.

ബിജെപിയുടെ ജനവിരുദ്ധ ഫാസിസ്‌റ്റ് നയങ്ങൾക്കെതിരെ രാഷ്‌ട്രീയ പ്രതിരോധം തീർക്കുന്ന, ദേശീയ വാർത്താ ശ്രദ്ധലഭിക്കുന്ന സെമിനാറിൽ നിന്നു കെവി തോമസിനെ പോലുള്ള മുതിർന്ന നേതാവിനെ വിലക്കിയത് ഇടതുപക്ഷം രാഷ്‌ട്രീയ ആയുധമാക്കുമെന്നുള്ള കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ, കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടികോൺഗ്രസിൽ കെവി തോമസ് പങ്കെടുക്കുമ്പോൾ അത് കെ സുധാകരൻ എന്ന വ്യക്‌തിക്കും കണ്ണൂരിലെ കോൺഗ്രസ് പാർട്ടിക്കും ഉണ്ടാക്കുന്ന നഷ്‍ടം ചെറുതല്ല.

മാത്രവുമല്ല, കണ്ണൂരിൽ കോൺഗ്രസ്‌ പ്രവർത്തകരായ അനവധിപേരുടെ ജീവനും ആരോഗ്യവും ഇടതുപക്ഷം വേട്ടയാടിയതും കെ സുധാകരനെ വേദനിപ്പിക്കുന്നുണ്ട്. ഇത് മനസിലാക്കുന്ന രാജ് മോഹൻ ഉണ്ണിത്താൻ എംപിയെ പോലുള്ള നേതാക്കൾ അതുകൊണ്ടാണ് കെവി തോമസിന്റെ ‘പാർട്ടികോൺഗ്രസ് പ്രവേശനം’ എതിർക്കുന്നത്.

‘ഒരു മനുഷ്യായുസ് കാലം കൊണ്ട് കോൺഗ്രസിൽ നിന്ന് കിട്ടാവുന്ന മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുത്ത ആളാണ് കെവി തോമസ്. ഇനിയും അദ്ദേഹത്തിന് പാർട്ടി എന്താണു കോടുക്കേണ്ടത്. 22 വർഷം എംപി, 8 വർഷം എംഎൽഎ, മൂന്നു വർഷത്തോളം സംസ്‌ഥാന മന്ത്രി, അഞ്ചു വർഷം കേന്ദ്ര മന്തി, മൂന്ന് വർഷത്തോളം മന്ത്രിക്കു തുല്യമായ പാർലമെന്റ് അക്കൗണ്ടസ് കമ്മിറ്റി ചെയർമാൻ പദവി ഉൾപ്പടെയുള്ള സ്‌ഥാനമാനങ്ങൾ നേടിയ ശേഷം പാർട്ടി ഒന്നും തന്നില്ലെന്നു പറയുന്ന തോമസിന്റെ മാനസിക നില മനസിലാകുന്നില്ല. ഇതിനെക്കാൾ കൂടുതൽ എന്തെങ്കിലും സിപിഎമ്മിൽ നിന്നു കിട്ടുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന്. കുറേ നാളായി തോമസിന്റെ ശരീരം കോൺ​ഗ്രസി‌ലും മനസ് സിപിഎമ്മിലുമാണ്. ഇനി രണ്ടും ഒരിടത്താവട്ടെയെന്നും’ ഉണ്ണിത്താൻ പരിഹസിച്ചിരുന്നു.

എന്നാൽ, സിപിഎം സ്വതന്ത്രനായി കെവി തോമസ് എത്തുമെന്ന വിലയിരുത്തലിനെ ആരും കാര്യമായി എടുക്കുന്നില്ല. കാരണം ഈ വഞ്ചന, ജനം തിരിച്ചറിയുമെന്നും അത് കെവി തോമസ് എന്ന രാഷ്‌ട്രീയ വ്യക്‌തിത്വത്തിന്റെ അവസാനാമാകുമെന്നും അദ്ദേഹത്തിന് തന്നെ അറിയാമെന്നാണ് തോമസ് മാഷോട്‌ അടുത്ത വൃത്തങ്ങൾ പറയുന്നത്.

കെവി തോമസ് പാർട്ടിക്കു പുറത്തായെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. വിഷയത്തിൽ കോൺഗ്രസ്‌ പാർട്ടി ഒരു തീരുമാനം എടുത്തിട്ടില്ല. നാളത്തെ ‘പാർട്ടികോൺഗ്രസ് പ്രവേശനം’ പൂർത്തിയാക്കിയ ശേഷം, അവിടെ പറയുന്ന കാര്യങ്ങൾ വിലയിരുത്തിയ ശേഷം മതി തീരുമാനങ്ങൾ എന്ന നിലയിലാണ് കോൺഗ്രസ്‌. എന്നാൽ, ഏറ്റവും കൂടിയാൽ സംസ്‌ഥാനതലത്തിൽ ഒരു സസ്‌പെൻഷനപ്പുറം പുറത്താക്കലോ പാർട്ടി വിടലോ ഉണ്ടാകില്ലെന്ന് തന്നെയാണ് തോമസ് മാഷോട് അടുത്തവൃത്തങ്ങളും വ്യക്‌തമാക്കുന്നത്‌.

കെവി തോമസിനെ പോലെ ഒരു മുതിർന്ന രാഷ്‌ട്രീയ നേതാവ് സ്വയം പുറത്തുപോകുന്നത് തനിക്ക് വീഴാനുള്ള കുഴി താൻ തന്നെ കുത്തുന്നതിന് തുല്യമാണെന്ന് മനസിലാക്കാൻ അത്ര ബുദ്ധിമുട്ട് കാണില്ല. അതുകൊണ്ടുതന്നെ, പാർട്ടിയിൽ നിന്ന് ‘പുറത്താക്കി കിട്ടാനാണ്’ കെവി തോമസ് ശ്രമിക്കുക. അങ്ങനെവരുമ്പോൾ ഒരു സഹതാപ തരംഗം സൃഷ്‌ടിക്കാൻ സാധിക്കും. പക്ഷെ, ഈ തന്ത്രം കോൺഗ്രസ്‌ മണക്കുന്നത് കൊണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കലിന് കോൺഗ്രസ്‌ മുതിരില്ല എന്ന വിലയിരുത്തൽ ഉണ്ടാകുന്നത്.

Most Read: അടങ്ങാത്ത ക്രൂരത; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE