കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ളാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട് നൽകാൻ ലേബർ കമ്മീഷണറോട് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിരുന്നോ എന്ന് പ്രത്യേകം അന്വേഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ഉണ്ടായ അശ്രദ്ധയാണ് കെട്ടിട അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ 304 എ, 308 വകുപ്പുകൾ ചുമത്തി പോലീസ് എഫ്ഐആർ ഇട്ടിട്ടുണ്ട്. കെട്ടിട ഉടമയെയും, നിർമ്മാണ കമ്പനി അധികൃതരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നിലവിൽ അഞ്ച് പേരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്‌ച രാവിലെയോടെ നഗരത്തിലെ തൊണ്ടയാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്‌ഥാപിച്ച കോൺക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ളാബിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
Read Also: വൈക്കത്ത് ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു