കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം നേടാനുള്ള നീക്കങ്ങളുമായി എല്‍ഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സ്വതന്ത്രരെ കൂട്ടുപിടിച്ചു ഭരണം നേടാനുള്ള നീക്കങ്ങള്‍ ഇരു മുന്നണികളുടെ ഭാഗത്തു നിന്നും ശക്‌തമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലീഗ് വിമതനായ ടികെ അഷറഫ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചനകളുമായി മുന്നോട്ട് വരുന്നത്.
യുഡിഎഫിലേക്ക് ഇനിയൊരു മടങ്ങിപ്പോക്ക് ഇല്ലെന്നും, ഭരണം നേടാന്‍ കഴിയുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്. നിലവില്‍ ഭരണം നേടാന്‍ സാധ്യതയുള്ളത് എല്‍ഡിഎഫിനാണെന്നും, തന്നെ നേതാക്കള്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരണത്തില്‍ വരാനുള്ള സാധ്യതകള്‍ കൂടുകയാണ്.
ആകെ 74 സീറ്റുകളാണ് കൊച്ചി കോര്‍പ്പറേഷനില്‍ ഉള്ളത്. ഇതില്‍ 34 സീറ്റുകളില്‍ എല്‍ഡിഎഫും, 31 സീറ്റുകളില്‍ യുഡിഎഫും, 5 സീറ്റുകളില്‍ ബിജെപിയും, 4 സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു. ഭരണം നേടാന്‍ 35 സീറ്റുകളാണ് വേണ്ടത്. ഈ ഭൂരിപക്ഷം നേടാനായി സ്വന്തന്ത്രരെ കൂടെ കൂട്ടാനുള്ള നീക്കങ്ങള്‍ എല്‍ഡിഎഫും യുഡിഎഫും ശക്‌തമാക്കുന്നുണ്ട്. സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനം ഉള്‍പ്പടെയുള്ള വാഗ്‌ദാനങ്ങളും ഇരു പാര്‍ട്ടികളും സ്വതന്ത്രര്‍ക്ക് നല്‍കുന്നുണ്ട്. ലീഗ് വിമതനായ ടികെ അഷറഫ് തന്റെ ഇടത് പ്രവേശനത്തിന് സൂചന നല്‍കുന്ന സാഹചര്യത്തില്‍ ഭരണം എല്‍ഡിഎഫ് പിടിച്ചെടുക്കാനുള്ള സാധ്യതകളാണ് തുറക്കുന്നത്.
Read also : വടക്കാഞ്ചേരി ലൈഫ് മിഷന്‍; സ്‌റ്റേ നീക്കണമെന്ന സിബിഐ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും