കാട്ടിൽ അകപ്പെട്ടുപോയ എട്ടുവയസുകാരന്റെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. മിഷിഗണിലാണ് സംഭവം. പോർക്കുപൈൻ മൗണ്ടൻസ് സ്‌റ്റേറ്റ് പാർക്കിൽ തന്റെ കുടുംബത്തോടൊപ്പം ക്യാമ്പ് ചെയ്യുന്നതിനിടെയാണ് നാന്റെ നീമിയെന്ന എട്ടുവയസുകാരനെ കാണാതാവുന്നത്.
ശനിയാഴ്‌ച ആയിരുന്നു സംഭവം. വിറക് ശേഖരിക്കാൻ പോകുന്നതിനിടയിൽ കുട്ടിക്ക് വഴി തെറ്റുകയും കാട്ടിൽ അകപ്പെടുകയും ആയിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ 150 പേരടങ്ങുന്ന സംഘം തിരച്ചിലും ആരംഭിച്ചിരുന്നു. പിന്നാലെ രണ്ടു ദിവസത്തെ തിരച്ചിലിന് ഒടുവിൽ തിങ്കളാഴ്‌ച കുടുംബം ക്യാംപ് ചെയ്‌ത സ്‌ഥലത്ത് നിന്ന് രണ്ടുമൈൽ അകലെയായി കുട്ടിയെ കണ്ടെത്തി. മരണങ്ങൾക്കിടയിൽ മരത്തടിയിലാണ് കുട്ടി അഭയം തേടിയത്.
എന്നാൽ, രണ്ടു ദിവസം കാട്ടിൽ ജലപാനമില്ലാതെ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യസ്‌ഥിതിയും മറ്റും നല്ല അവസ്‌ഥയിൽ ആയിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വളരെ അമ്പരിപ്പിക്കുന്ന മറുപടി ആയിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് വേണ്ടി താൻ വൃത്തിയുള്ള മഞ്ഞാണ് കഴിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
ഇതോടെ കൊടും വനത്തിൽ ആരോഗ്യസ്‌ഥിതി മോശമാകാതെ രണ്ടു ദിവസം കുട്ടിക്ക് നിൽക്കാൻ സാധിച്ചു. മഞ്ഞു കഴിച്ചു രണ്ടു ദിവസം കാട്ടിൽ വസിച്ച കുട്ടിയെ അമ്പരപ്പോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. കുട്ടിയെ കാണാതായത് ഒരു വിദൂരപ്രദേശം ആണെന്നും പല റോഡുകളും ഗതാഗത യോഗ്യമല്ലാതായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുട്ടിയെ മാതാപിതാക്കളെ ഏൽപ്പിച്ചുവെന്നും പോലീസ് അറിയിച്ചു.
Most Read: ഡെൽഹിയുടെ അധികാരം സംസ്‌ഥാന സർക്കാരിന് തന്നെ; കേന്ദ്രത്തിന് തിരിച്ചടി