മുംബൈ: ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബിജെപിയുടെ തരംതാണ രാഷ്‌ട്രീയത്തിൽ രാജ്യത്തിന്റെ ഫെഡറലിസത്തിനു ക്ഷതമേറ്റെന്നും അവരുടേത് ഹിന്ദുത്വമല്ലെന്നും താക്കറെ പറഞ്ഞു. തങ്ങളുടെ സംസ്‌ഥാനങ്ങൾ 1000 കിലോമീറ്റർ അതിർത്തി പങ്കിടുന്നതിനാൽ ഉദ്ദവും താനും സഹോദരങ്ങളാണെന്ന് റാവു പ്രഖ്യാപിച്ചു.
താക്കറെയെയും സഖ്യകക്ഷിയായ ശരദ് പവാറിനെയും കണ്ട കെ ചന്ദ്രശേഖർ റാവു, സഖ്യം സംബന്ധിച്ച് ചർച്ച തുടരുമെന്ന് ഉറപ്പുനൽകി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹൈദരാബാദിലോ മറ്റെവിടെയെങ്കിലുമോ ഇരുന്ന് കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
“രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യവും നടക്കുന്ന തരംതാണ രാഷ്‌ട്രീയവും ഹിന്ദുത്വമല്ല. ഹിന്ദുത്വം അക്രമമോ പ്രതികാരമോ അല്ല. കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ രാജ്യത്തിന്റെ ഭാവിയെന്താണ്?”- താക്കറെ ചോദിച്ചു. കോൺഗ്രസ്, എൻസിപി തുടങ്ങിയ മതേതര പാർട്ടികളുമായി അധികാരം പങ്കിടാൻ തയ്യാറായ ശിവസേന തങ്ങളുടെ പ്രത്യയശാസ്‌ത്രത്തിൽ വെള്ളം ചേർത്തിരിക്കുകയാണ് എന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടികൂടിയാണ് താക്കറെയുടെ പ്രസ്‌താവന.
ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യ സാധ്യതകൾ തേടിയാണ് കെ ചന്ദ്രശേഖർ റാവു ഉദ്ദവിനെയും ശരദ് പവാറിനെയും കണ്ടത്. ബിജെപി രാജ്യത്തെ നശിപ്പിക്കുമെന്നും അതിന് മുമ്പ് തടയണമെന്നും ആഹ്വാനം ചെയ്‌ത ശേഷമാണ് കെസിആറിന്റെ നീക്കം. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും ചന്ദ്രശേഖർ റാവു ഉടൻ കൂടിക്കാഴ്‌ച നടത്തും. ജനതാദൾ നേതാവ് എച്ച്ഡി ദേവഗൗഡയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും കെസിആറിന്റെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്നു.
Most Read: ചരിത്രം തിരുത്തി ചെന്നൈ; മേയറാകാൻ ദളിത് വനിത