മുംബൈ: ശിവസേനയിലെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം നടത്തി ഉദ്ധവ് താക്കറെ വിഭാഗം. ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം നിലനിൽക്കെ, ഷിൻഡെ വിഭാഗത്തിന് അനുകൂല വിധി പുറപ്പെടുവിച്ച സ്‌പീക്കർ രാഹുൽ നർവേക്കറുടെ നടപടി ചോദ്യം ചെയ്‌ത് ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്.
ശിവസേനയെ പിളർത്തി കൂറുമാറിയ ഷിൻഡെ വിഭാഗം എംഎൽഎമാരെ അയോഗ്യനാക്കണമെന്ന ആവശ്യത്തെ സ്‌പീക്കർ തള്ളിയതും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്ക് അനുകൂലമായാണ് സ്‌പീക്കർ രാഹുൽ നർവേക്കർ കഴിഞ്ഞ ആഴ്‌ച വിധി പുറപ്പെടുവിച്ചത്. ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേനയെന്നും പാർട്ടി നേതാവ് ഷിൻഡെ തന്നെയാണെന്നും സ്‌പീക്കർ വ്യക്‌തമാക്കിയിരുന്നു.
ഷിൻഡെ അടക്കം ആദ്യഘട്ടത്തിൽ കൂറുമാറിയ 16 വിമതരെ അയോഗ്യരാക്കാൻ വേണ്ട കാരണങ്ങൾ കണ്ടെത്താനായില്ലെന്നും സ്‌പീക്കർ പറഞ്ഞു. എതിർവിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു ശിവസേനയിലെ ഉദ്ധവ് വിഭാഗവും, വിമത നേതാവായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പക്ഷവും സമർപ്പിച്ച ഹരജികളിലാണ് സ്‌പീക്കർ രാഹുൽ നർവേക്കർ വിധി പറഞ്ഞത്.
ഷിൻഡെയെ കക്ഷി നേതൃപദവിയിൽ നിന്ന് നീക്കാൻ ഉദ്ധവ് താക്കറേയ്‌ക്ക് അധികാരമില്ലെന്നും ബിജെപി എംഎൽഎ കൂടിയായ സ്‌പീക്കർ വിധിച്ചിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് പക്ഷം നേരത്തെ അറിയിച്ചിരുന്നു. അയോഗ്യതയുമായി ബന്ധപ്പെട്ടു 34 പരാതികളാണ് സ്‌പീക്കർക്ക് മുന്നിലെത്തിയത്. ഇവയെ ആറായി തിരിച്ചാണ് പരിഗണിച്ചത്. ഇരു വിഭാഗങ്ങളുടെയും അന്തിമവാദം കേൾക്കൽ ഡിസംബർ 20ന് പൂർത്തിയായിരുന്നു. 54 എംഎൽഎമാരാണ് അവിഭക്‌ത ശിവസേനയിൽ ഉണ്ടായിരുന്നത്. ഇതിൽ 40 പേരാണ് ഷിൻഡെ പക്ഷത്തേക്ക് മാറിയത്.
Most Read| റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ മലയാളി