പ്രവാചക നിന്ദയെ രാഷ്‌ട്രീയ ആയുധമാക്കുന്നു; കാന്തപുരം

By Desk Reporter, Malabar News
kanthapuram_Malabar News
ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ പതിനേഴാംമത് അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിൽ മദ്ഹു റസൂൽ പ്രഭാഷണം നടത്തുന്നു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ്‌ ഫൈസി സമീപം.
Ajwa Travels

കോഴിക്കോട്: ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള ആയുധമായി പ്രവാചക നിന്ദയെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

മർകസ് സംഘടിപ്പിച്ച അന്താരാഷ്‌ട്ര മീലാദ് കോൺഫ്രൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മത നിന്ദകളെ പ്രോൽസാഹിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. നിന്ദയും വിമർശനവും രണ്ടാണ്.

ആന്റി സെമിറ്റിസത്തിനെതിരെയുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന രാജ്യങ്ങൾ പോലും ഇസ്‌ലാമിനെതിരെയുള്ള വിരോധം ആളിക്കത്തിക്കുന്നത് വിരോധാഭാസമാണ്. ഉത്തരവാദിത്വപൂർണ്ണമായ ആവിഷ്‌കാര സ്വാതന്ത്രത്തിനേ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. മറിച്ചുള്ള നിലപാട് സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കും; കാന്തപുരം പറഞ്ഞു.

മുസ്‌ലിം ലോകത്തെ ഏകോപിപ്പിക്കുന്ന വികാരമാണ് മുഹമ്മദ് നബിയോടുള്ള സ്നേഹമെന്ന് സമ്മേളനം ഉൽഘാടനം ചെയ്‌ത മലേഷ്യൻ മതകാര്യ മന്ത്രി ഡോ. ദുൽ ഗിഫ്‌ലി മുഹമ്മദ് അൽ ബഖ്‌രി പറഞ്ഞു. മനുഷ്യർക്കിടയിൽ സഹവർത്തിത്വവും കരുണയും നിത്യമായി നിലനിറുത്തുവാനുള്ള സന്ദേശമാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. പല തരത്തിൽ മനുഷ്യർ വിഭജിക്കപ്പെടുന്ന ഈ കാലത്ത്, നബിയുടെ സന്ദേശങ്ങൾ പരമാവധി പ്രചരിപ്പിക്കാൻ സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിംകൾക്കെതിരെ നടക്കുന്ന സംഘടിതമായ അതിക്രമങ്ങൾ ചെറുക്കാൻ നിയമം കൊണ്ടുവരണമെന്ന് മർകസ് അന്താരാഷ്‌ട്ര മീലാദ് കോൺഫ്രൻസ് അംഗീകരിച്ച പ്രമേയം വിവിധ രാഷ്‌ട്രങ്ങളോട് ആവശ്യപ്പെട്ടു. മുസ്‌ലിംകൾക്കും ഇസ്‌ലാമിക വിശ്വാസങ്ങൾക്കും എതിരെ നടക്കുന്ന കൈയേറ്റങ്ങളെ വംശീയതയുടെ പരിധിയിൽ കൊണ്ടുവരണം. ഓരോ രാജ്യത്തെയും ആഭ്യന്തര പ്രശ്‌നങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറച്ചുവെക്കാനുള്ള ഉപാധിയായി മുസ്‌ലിംകളെ മാറ്റുന്ന അവസ്‌ഥ ഖേദകരമാണ്.

മത നിന്ദാ നിയമങ്ങൾ എല്ലാ മത സമൂഹങ്ങൾക്കും ഒരു പോലെ ബാധകമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഫ്രാൻസിൽ നടന്ന അതിക്രമങ്ങളെ പ്രമേയം അപലപിച്ചു. വിശ്വാസത്തിന്റെ മധുരം ലഭിച്ചവർക്ക് അക്രമങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. അവിവേകികൾ നടത്തുന്ന ഒറ്റപ്പെട്ട അതിക്രമങ്ങളെ അങ്ങിനെ കാണുന്നതിനു പകരം മൊത്തം സമൂഹത്തിന്റെ പേരിൽ ആരോപിച്ചു പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ഈജിപ്‌ത്‌ ഗ്രാന്‍ഡ് മുഫ്‌തി ഡോ. ശൗഖി അല്ലാം മുഖ്യാതിഥിയായി സംബന്ധിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവ്വഹിച്ചു. ലോക പ്രശസ്‌ത മദ്ഹ് ഗസല്‍ അവതാരകരായ ഉവൈസ് റസാ ഖാദിരി , മുസ്‌തഫ ആതിഫ് ഈജിപ്‌ത്‌, ശൈഖ് ഷുഹൈബ് ഹുസൈനി ഇറാഖ്, ശൈഖ് ഹമദി മഖ്‌ദൂമി സിറിയ, പ്രകീര്‍ത്തനം അവതരിപ്പിച്ചു.

സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, ശൈഖ് മുഹമ്മദ് അവ്വാം സിറിയ, ചെച്‌നിയൻ ഗ്രാന്‍ഡ് മുഫ്‌തി ശൈഖ് സലാഹ് മസീവ്, ശൈഖ് ഉസാമ രിഫാഈ ലബനാന്‍, ഡോ ഹിശാം ഖരീസ ടുണീഷ്യ, ശൈഖ് ഉസാമ മുന്‍സി അല്‍ ഹസനി മക്ക, ശൈഖ് മുഹമ്മദ് അല്‍ യാഖൂബി മൊറോക്കോ, ശൈഖ് അബ്‌ദുൽ അസീസ് ഖതീബ് ഹസനി, ശൈഖ് അബ്‌ദുറഹ്‌മാന്‍ റഹൂഫ് യമാനി ചൈന, ഷൈഖ് ഔന്‍ ഖദ്ദൂമി ജോര്‍ദാന്‍, ശൈഖ് ഫൈസല്‍ അബ്‌ദു റസാഖ് കാനഡ, ശൈഖ് അബു ഇസ്‌ലാം സ്വീഡന്‍, ശൈഖ് മുഹമ്മദ് അബ്‌ദുല്ല ബ്രസീല്, ശൈഖ് അബ്‌ദുൽ വാഹിദ് ഡെൻമാര്‍ക്ക്, ശൈഖ് മുഹമ്മദ് ബിസ്‌താരി അല്‍ബേനിയ, ശൈഖ് മഹമൂദ് അബ്‌ദുൽ ബാരി സോമാലിയ, ശൈഖ് അഹ്‌മദ്‌ നയോകി ജപ്പാൻ, ശൈഖ് മുഹമ്മദ് അബ്‌ദുറഹ്‌മാൻ തായ്‌ലൻഡ്, ഡോ ശിഹാബുദ്ധീൻ ഗൂസനോവ് ദാഗിസ്‌താൻ എന്നീ പണ്ഡിതര്‍ സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍ നടത്തി.

നബി പ്രകീർത്തനത്തിന്റെ രാജ്യാന്തര വേദിയായി മാറിയ സമ്മേളനത്തിൽ പത്ത് രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഗായക സംഘങ്ങൾ പ്രകീർത്തന ഗീതങ്ങൾ ആലപിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി സ്വാഗതവും ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ നന്ദിയും പറഞ്ഞു.

Most Read: തൊഴില്‍, വിസ നിയമലംഘനം; 382 ഇന്ത്യക്കാരെ കൂടി സൗദി നാട് കടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE