റിയാദ് : തൊഴില്‍, വിസ നിയമലംഘനങ്ങള്‍ നടത്തിയ 382 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാട് കടത്തി. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഇവര്‍ വെള്ളിയാഴ്‌ച ഡെല്‍ഹിയില്‍ എത്തി. ഇനിയും നിരവധി പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാട് കടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നത്. റിയാദിലെ കേന്ദ്രത്തില്‍ മാത്രം ഇനിയും 300 ല്‍ അധികം ആളുകള്‍ ഉണ്ടെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്‌തമാക്കി.
റിയാദിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇവരെ നാട്ടിലെത്തിക്കാനുള്ള രേഖകള്‍ ശരിയാക്കിയത് ഇന്ത്യന്‍ എംബസി ഉദ്യോഗസ്‌ഥരാണ്. ഇവിടെ കഴിയുന്ന ബാക്കിയുള്ള ആളുകളെ ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് 382 ഇന്ത്യക്കാരെ ഡെല്‍ഹിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇവരെ ഡെല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളുടെ സഹകരണത്തോടെ സ്വദേശങ്ങളിലേക്ക് അയച്ചു.
ഇപ്പോള്‍ നാട്ടിലെത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസത്തിനിടെ റിയാദ്, ജിദ്ദ നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന് മാത്രം നാട് കടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2,681 ആയി. ഒന്‍പത് സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലായാണ് ഇത്രയധികം പേരെ നാട്ടിലെത്തിച്ചത്.
Read also : ശക്‌തമായ മഴക്കും കാറ്റിനും സാധ്യത; യുഎഇയില്‍ കര്‍ശന ജാഗ്രത നിര്‍ദേശം