യുഎഇ : ശനിയാഴ്‌ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് രാജ്യത്ത് കര്‍ശന ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും, കടലില്‍ ഏഴ് അടി വരെ ഉയരത്തിലുള്ള തിരമാല രൂപപ്പെടാനും സാധ്യതയുള്ളതായി കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം തീരപ്രദേശങ്ങളിലും, പര്‍വത മേഖലകളിലും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം വടക്ക് പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്‌തി പ്രാപിക്കാനും, അറേബ്യന്‍ ഗള്‍ഫിലെ തീരപ്രദേശങ്ങളില്‍ ശനിയാഴ്‌ച രാവിലെ നാല് മണിക്കും ഞായറാഴ്‌ച രാവിലെ നാല് മണിക്കും ഇടയില്‍ തിരമാലകള്‍ നാല് അടി മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെടുമെന്നും സാധ്യതയുണ്ട്.
ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ അന്തരീക്ഷം മേഘാവൃതം ആയിരിക്കുമെന്നും, താപനില കുറയുമെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ശനിയാഴ്‌ചത്തെ ഉയര്‍ന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കേന്ദ്രം വ്യക്‌തമാക്കി. കാലാവസ്‌ഥാ വ്യതിയാനം കണക്കിലെടുത്ത് അടിയന്തിര സാഹചര്യങ്ങളില്‍ പോലീസിനെ ബന്ധപ്പെടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 999 എന്ന നമ്പറില്‍ പോലീസിനെയും 800900 എന്ന നമ്പറില്‍ ദുബൈ മുന്‍സിപ്പാലിറ്റിനെയും ബന്ധപ്പെടാം.
Read also : സൗദിയില്‍ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു