ന്യൂഡെൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഏഴരവർഷത്തിന് ശേഷമാണ് ജാമ്യം. സംസ്‌ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
”പൾസർ സുനി ജയിലിലായിട്ട് ഏഴരവർഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും നാളായിട്ടും വിചാരണ നീണ്ടുപോവുകയാണ്. ഇങ്ങനെയായാൽ കേസ് എപ്പോഴാണ് തീരുക? കേസിലെ മറ്റൊരു പ്രതിയായ ദിലീപിന് ക്രോസ് വിസ്‌താരത്തിന് കൂടുതൽ സമയം അനുവദിക്കുന്നു” തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണാ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്ന് സത്യവാങ്മൂലത്തിൽ കേരള സർക്കാർ ചൂണ്ടിക്കാട്ടി. ഇതെല്ലാം തള്ളിയാണ് സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടുപോവുകയാണെന്നും ഇതിനാൽ ജാമ്യം തന്റെ അവകാശമാണ് എന്നുമായിരുന്നു പൾസർ സുനി വാദിച്ചത്.
എന്നാൽ, അതിജീവിതക്ക് നേരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണെന്നും അപൂർവമായാണ് സംസ്‌ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും സർക്കാർ വാദിച്ചു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ നടി കാറിൽ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ 2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി റിമാൻഡിലാണ്.
Most Read| കൊൽക്കത്ത ബലാൽസംഗ കൊല; പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം