മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ ‘സിബിഐ ഡയറിക്കുറിപ്പി’ന്റെ അഞ്ചാം ഭാഗം ‘സിബിഐ 5: ദ ബ്രെയ്ൻ’ ടീസർ പുറത്ത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മമ്മൂട്ടി ചിത്രം ഏപ്രിൽ അവസാനം തിയേറ്ററുകളിലെത്തും എന്നാണ് വിവരം.
സേതുരാമയ്യരുടെയും കൂട്ടരുടെയും അഞ്ചാം വരവും ഗംഭീരമാകും എന്നുതന്നെയാണ് ടീസര്‍ നൽകുന്ന സൂചന. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിൽ എത്തിക്കുന്നത്.
സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമയിൽ നിരവധി ബ്ളോക്ക് ബസ്‌റ്റ ഹിറ്റുകൾ സമ്മാനിച്ച സ്വർഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്‌തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം.
1988ലാണ് സിബിഐ സീരീസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങിയത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്ത് വന്നു. പുതിയ ചിത്രത്തിൽ ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ,സുദേവ് നായർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ മായാ വിശ്വനാഥ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് ഈണം പകരുന്നത്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്‌ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീകർ പ്രസാദാണ്.
Most Read: ട്രാഫിക് നിയമ ലംഘനം; നടൻ അല്ലു അർജുന് പിഴ