മോഹൻലാൽ- പ്രിയദർശൻ ബ്രഹ്‌മാണ്ഡ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹ‘ത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 2നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
ബിഗ് സ്‌ക്രീനിനെ പ്രകമ്പനം കൊള്ളിക്കുന്ന, കാണികളെ ആവേശത്തിലാക്കുന്ന കാഴ്‌ചകളാണ് ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് ടീസറിൽ നിന്നും വ്യക്‌തമാണ്. 10 ലക്ഷത്തിലേറെ ആളുകളാണ് ഇതിനോടകം ടീസർ കണ്ടത്.
ചിത്രത്തിന്റെ ആദ്യ ടീസറും തരംഗം സൃഷ്‌ടിച്ചിരുന്നു. സാക്ഷാൽ ഫേസ്ബുക്ക് തന്നെ ടീസറിന് കമന്റ് ചെയ്‌തത് വാർത്തയായിരുന്നു. ഐതിഹാസിക ടീസറെന്നാണ് ചിത്രത്തിന്റെ ടീസർ പങ്കുവച്ച മോഹൻലാലിന്റെ ഔദ്യോഗിക പേജിൽ ഫേസ്ബുക്ക് ടീം കമന്റ് ചെയ്‌തത്.100 കോടി മുതൽ മുടക്കിൽ ഒരുക്കിയിരിക്കുന്ന മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായ ‘മരക്കാർ’ ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ഇതിനോടകം സ്വന്തമാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോ. റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മഞ്‌ജു വാര്യർ, സുഹാസിനി, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Most Read: മാറ്റാം ചില ശീലങ്ങൾ, നേടാം തിളങ്ങുന്ന മുടിയിഴകൾ