ഗാര്‍ഹിക പീഡനപരാതി നല്‍കിയ സ്‍ത്രീയോട് മോശമായ പ്രതികരണം; എംസി ജോസഫൈനെതിരെ പ്രതിഷേധം

By Staff Reporter, Malabar News
josephine_women commission
എംസി ജോസഫൈൻ
Ajwa Travels

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കിയ സ്‍ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ‘പോലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, പീഡനം അനുഭവിച്ചോളൂ’ എന്ന ജോസഫൈന്റെ മറുപടി വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഒരു വാർത്താ മാദ്ധ്യമത്തിൽ നടന്ന ‘ഫോണ്‍ ഇന്‍ പരിപാടി’ക്കിടെ ആയിരുന്നു ജോസഫൈന്റെ പ്രതികരണം.

ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന പരാതിയുമായി എറണാകുളത്ത് നിന്നും ലെബീന എന്ന സ്‍ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന മറുപടി നൽകിയപ്പോഴാണ് ‘എന്നാല്‍ പിന്നെ അനുഭവിച്ചോളൂ’ എന്ന് ജോസഫൈൻ പറഞ്ഞത്.

കൂടാതെ കമ്മീഷനില്‍ വേണമെങ്കില്‍ പരാതി നല്‍കിക്കോളൂ എന്നും സ്‍ത്രീധനം തിരിച്ചു കിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വെച്ച് കുടുംബ കോടതിയെ സമീപിക്കണമെന്നും ജോസഫൈന്‍ പറയുന്നുണ്ട്. മാത്രവുമല്ല ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ തന്നെ രൂക്ഷമായ രീതിയില്‍ ആയിരുന്നു ജോസഫൈന്റെ പ്രതികരണം.

അതേസമയം ജോസഫൈന്റെ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ജോസഫൈനെ ഈ സ്‌ഥാനത്ത് നിന്നും മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും നിരവധി പേര്‍ പറയുന്നു.

ജോസഫൈന്റെ പല പരാമര്‍ശങ്ങളും നടപടികളും നേരത്തെയും വലിയ വിമര്‍ശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. 89 വയസുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈന്റെ നടപടി വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴത്തെ സംഭവത്തിന്റെ കൂടി പശ്‌ചാത്തലത്തിൽ ഇവരെ വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം ശക്‌തമാവുകയാണ്.

Most Read: ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടിയില്ല; ഡോക്‌ടർ രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE