തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും. തമ്പാനൂർ റെയിൽവേ ട്രാക്കിനിടയിലൂടെയുള്ള തോട് വൃത്തിയാക്കുന്നത് ഇറിഗേഷൻ വകുപ്പിനെ ഏൽപിച്ചേക്കുമെന്നാണ് വിവരം. മഴക്കാലത്ത് നഗരത്തിലൂടെയുള്ള യാത്ര ദുരിതമാകുമെന്ന ആശങ്ക ശക്തമാവുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും ഉൾപ്പടെ വെള്ളത്തിൽ മുങ്ങിയിരുന്നു. റെയിൽവേ ട്രാക്കിനിടയിലൂടെ പോകുന്ന ‘ആമയിഴഞ്ചാൻ’ തോട് മണ്ണിടിഞ്ഞ് ഒഴുക്ക് നിലച്ചതാണ് ഇതിന് കാരണമെന്നാണ് നഗരസഭയുടെ വിമർശനം.
എന്നാൽ, തോട് വൃത്തിയാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് റെയിൽവേ തുറന്നടിച്ചു. പരസ്പര ആരോപണങ്ങൾക്ക് ശേഷം തോട് വൃത്തിയാക്കുന്ന ജോലി ഏറ്റെടുക്കുന്നുവെന്ന് കോർപറേഷൻ പ്രഖ്യാപിച്ചു. റെയിൽവേ ട്രാക്കിന്റെ ഇരുവശത്തുമുള്ള തോടിന്റെ ഭാഗം വൃത്തിയാക്കാൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ട്രാക്കിനടിയിലൂടെയുള്ള 120 മീറ്ററോളം നീളമുള്ള തോട് വൃത്തിയാക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിൽ ഈ ജോലി ഇറിഗേഷൻ വകുപ്പിനെ ഏൽപിക്കാനാണ് ധാരണ.
Also Read: സത്യപ്രതിജ്ഞ; ചടങ്ങുകൾ ആഘോഷമാക്കി കോവിഡ് പരത്തരുതെന്ന് ഡോ. എസ്എസ് ലാൽ