മിൻസയുടെ മരണം ഖത്തറിനെ പിടിച്ചു കുലുക്കുന്നു; ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ

By Central Desk, Malabar News
Minza Mariyam Jacob Death Malayalam News

ദോഹ: സ്‌കൂൾ ജീവനക്കാരുടെ അനാസ്‌ഥമൂലം മിൻസ എന്ന നാലുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ മുഴുവൻ ഉത്തരവാദികൾക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്ന് ഖത്തർ ഭരണകൂടം. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം നടത്തുകയും ജീവനക്കാരുടെ അനാസ്‌ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് തെളിയുകയും ചെയ്‌തിരുന്നു.

സ്‌കൂൾ ഇനി തുറക്കേണ്ടതില്ലെന്ന തീരുമാനവും ഭരണകൂടം എടുത്തുകഴിഞ്ഞു. രാജ്യത്തെ സകല സ്‌കൂളുകളിലും കർശന പരിശോധനക്കും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു കഴിഞ്ഞു. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഖത്തര്‍ വിദ്യഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമി തന്നെ മിന്‍സയുടെ ഖത്തറിലെ വീട്ടിൽ നേരിട്ടെത്തി.

കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മിൻസ. ഞായറാഴ്‌ച നാലാം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കെയായിരുന്നു മിൻസയുടെ മരണം. അതേസമയം; ഖത്തർ ഭരണകൂടം നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മിൻസ മറിയം ജേക്കബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. ബുധനാഴ്‌ച രാവിലെ 9.30ന് നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്ന് 11.30 ഓടെ കോട്ടയം ചിങ്ങവനത്തെ വീട്ടിലുമെത്തിച്ചു. വൈകിട്ട് നാലുമണിയോടെയാണ് ആചാരകർമങ്ങൾ പൂർത്തീകരിച്ച് വീട്ടുവളപ്പിൽ സംസ്‌കരിച്ചത്.

ദോഹ അൽ വക്‌റയിലെ സ്‌പ്രിംഗ്‌ ഫീൽഡ് കിന്റർഗാർട്ടൻ കെജി വൺ വിദ്യാർഥിനിയായിരുന്നു മിൻസ. ഈ നാലുവയസുകാരിയുടെ ദാരുണ മരണം പ്രവാസ ലോകത്ത് ഞെട്ടലായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാർത്തയറിഞ്ഞ ഓരോമനസുകളും ഈ മരണത്തിൽ കണ്ണീരണിയുന്നു. മിൻസ തലേദിവസം നന്നായി ഉറങ്ങാത്തത് കൊണ്ടും ആവശ്യമായ റെസ്‌റ്റ് കുട്ടിക്ക് ലഭിക്കാത്തതിനാലും, സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസിന്റെ വാതിൽ പൂട്ടിയിറങ്ങുകയായിരുന്നു.

കുട്ടികളെ ഇറക്കിയ ശേഷം ബസ് ആളൊഴിഞ്ഞ സ്‌ഥലത്താണ്‌ പാർക്ക് ചെയ്‌തിരുന്നത്‌. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്തചൂടിൽ ശ്വാസംമുട്ടി മരിച്ചു. മണിക്കൂറുകൾക്കു ശേഷം തിരികെയെത്തിയ ബസ് ജീവനക്കാർ അബോധാവസ്‌ഥയിൽ കണ്ട മിൻസയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. പക്ഷെ, ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വലിയ കോളിളക്കമാണ് പ്രവാസലോകത്തുണ്ടായത്.

കുടുംബത്തെ സന്ദർശിച്ച മന്ത്രി ‘രാജ്യവും സര്‍ക്കാറും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്നും ഉത്തരവാദികളായ മുഴുവൻ പേർക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്നും’ അറിയിച്ചു. മാതാപിതാക്കള്‍ക്ക് ആശ്വാസവുമായി മുഴുവന്‍ സമയവും ഒപ്പമുള്ള പ്രവാസി സമൂഹങ്ങള്‍ക്കും മന്ത്രി നന്ദി പറഞ്ഞിരുന്നു. അരമണിക്കൂറോളം മിൻസയുടെ വീട്ടില്‍ ചിലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയതും.

Most Read: ഇഡി കേസിൽ ജാമ്യം ആയില്ല; സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തുടരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE