‘മിഷൻ സി‘ രണ്ടാമത്തെ ഗാനവും റിലീസ് ചെയ്‌തു. ദൃശ്യഭംഗിയും കാവ്യചാരുതയും ഒത്തു ചേർന്ന ‘പരസ്‌പരം ഇനിയൊന്നും‘ എന്ന് തുടങ്ങുന്ന ഈ ഗാനം നിഖിൽ മാത്യുവാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങളുടെ വിതരണാവകാശം നേടിയിരിക്കുന്ന മനോരമ മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിൽ തന്നെയാണ് ഈ ഗാനവും റിലീസ് ചെയ്‌തിരിക്കുന്നത്.
സൂപ്പർ ഹിറ്റായ ആദ്യ ഗാനവും സാഹസിക രംഗങ്ങൾകൊണ്ട് സമ്പന്നമായ ട്രെയ്‌ലറും തരംഗമായ ശേഷമാണ് രണ്ടാം ഗാനത്തിന്റെ റിലീസ്. ഇതുവരെ അഭ്രപാളികളിൽ ഇടം പിടിക്കാത്ത ഇടുക്കിയുടെ നയനമനോഹരമായ കാഴ്‌ചകൾ വിനോദ് ഗുരുവായൂർ ഈ ഗാനത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.
പുതിയ തലമുറയ്‌ക്കും പഴയ തലമുറയ്‌ക്കും ഇഷ്‌ടമാകുന്ന ഈ ഗാനത്തിന്റെ പിന്നണിയിൽ രണ്ടു പൊലീസ് ഉദ്യോഗസ്‌ഥർ ആണെന്നതാണ് കൗതുകകരമായ വസ്‌തുത. അതിലും കൗതുകകരമായ കാര്യം രണ്ടുപേരും ഇടുക്കി ജില്ലയിലാണ് ജോലി ചെയ്യുന്നത്! മറ്റൊരു യാദൃശ്‌ചികത ‘മിഷൻ സി‘ യുടെ സുപ്രധാന ലൊക്കേഷൻ ഇടുക്കിയായിരുന്നു!

ഗാനരചന നിർവഹിച്ചിരിക്കുന്ന പത്തനംതിട്ട-അടൂർ സ്വദേശി, ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് സുനിൽ ജി ചെറുകടവ് ജോലിചെയ്യുന്നത് ഇടുക്കിയിലെ കമ്പംമെട്ട് പോലീസ് സ്‌റ്റേഷനിലാണ്. സംഗീതം നൽകിയിരിക്കുന്നത്, ഇടുക്കിയിലെ തന്നെ രാജാക്കാട് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ഓഫ് പോലീസും തിരുവനന്തപുരം സ്വദേശിയുമായ ഹണി എച്ച് എൽഉം ആണ്. ഇരുവരും കലാ അഭിരുചിയുള്ള ഓഫീസേഴ്‌സാണ്. ഇരുവരുടെയും പല ഗാനങ്ങളും സോഷ്യൽ മീഡിയയിലും ആൽബങ്ങളിലും മറ്റുമായി വന്നിട്ടുണ്ട്. പലതും ഹിറ്റായിട്ടുമുണ്ട്. എന്നാൽ, ഒരു സിനിമാ ഗാനം രണ്ടുപേർക്കും ഇതാദ്യമാണ്. ഒരാൾ രചനയും മറ്റൊരാൾ സംഗീതവും!
വിനോദ സഞ്ചാരത്തിന് എത്തുന്ന കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഒരു ബസിനുള്ളിൽ നടക്കുന്ന കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന സംഘർഷ ഭരിതമായ സംഭവങ്ങളുമാണ് അപ്പാനി ശരത് നായകനായ മിഷൻ സി യിലൂടെ വിനോദ് ഗുരുവായൂർ പറയുന്നത്.
മുല്ല ഫിലിംസിന്റെ ബാനറിൽ മുല്ല ഷാജി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നടത്തിയിരിക്കുന്നത് സുശാന്ത് ശ്രീനിയാണ്. ചിത്രം ഒടിടി റിലീസ് തീരുമാനിച്ചതായും സെൻസർ വർക്കുകൾ നടക്കുന്നതായും ഇന്നുരാവിലെ സംവിധായകൻ വിനോദ് ഗുരുവായൂർ അറിയിച്ചിരുന്നു.
Related News: ‘മിഷൻ സി’യുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഇവിടെ വായിക്കാം: മിഷൻ സി അപ്‌ഡേറ്റ്‌സ്