കീവ്: യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൈക്കൂപ്പി സെലൻസ്‌കിയെ അഭിവാദ്യം ചെയ്‌ത മോദി ഹസ്‌തദാനം നൽകി അദ്ദേഹത്തെ ആശ്ളേഷിച്ചു. യുക്രൈൻ റിപ്പബ്ളിക് സ്‌ഥാപിതമായതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിൽ സന്ദർശനം നടത്തുന്നത്.
റഷ്യ- യുക്രൈൻ യുദ്ധം തുടരുന്ന പശ്‌ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പടെയുള്ള പ്രശ്‌ന പരിഹാര സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഇരു നേതാക്കളും തനിച്ച് കൂടിക്കാഴ്‌ച നടത്തും. ജൂണിൽ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ വെച്ച് സെലൻസ്‌കി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും റഷ്യ-യുക്രൈൻ യുദ്ധം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു. യുക്രൈനിലെ പ്രശ്‌നപരിഹാരത്തിന് മാനുഷികമായ സമീപനമാണ് വേണ്ടതെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും മോദി വ്യക്‌തമാക്കിയിരുന്നു. ആ കൂടിക്കാഴ്‌ചയിലാണ് കീവിലേക്ക് സെലൻസ്‌കി പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത്.
രണ്ടു ദിവസത്തെ പോളണ്ട് സന്ദർശനത്തിന് ശേഷം ട്രെയിനിലാണ് മോദി യുക്രൈനിൽ എത്തിയത്. ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്രബന്ധം സ്‌ഥാപിച്ചതിന്റെ 70ആം വാർഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു സന്ദർശനം. പോളണ്ട് പ്രധാനമന്ത്രി ടോണൾഡ് ടസ്‌കുമായും മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. റഷ്യ-യുക്രൈൻ സംഘർഷം വലിയ ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
Most Read| ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!