ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുള്ള ആഗോള പ്രതിസന്ധികൾക്കിടെ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽവെച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച് ആശങ്ക വർധിക്കുന്നു.
വിദേശയാത്രകളും സ്വർണം വാങ്ങിക്കൂട്ടുന്നതും ഒഴിവാക്കണമെന്നും സ്വദേശി ഉൽപ്പന്നങ്ങൾക്കും ആഭ്യന്തര വിനോദസഞ്ചാരത്തിനും മുൻഗണന നൽകണമെന്നുമാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
പശ്‌ചിമേഷ്യയിലെ സംഘർഷം മൂലം എണ്ണ വിതരണം തടസപ്പെടുകയും വില വർധിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശനാണയ ശേഖരം സംരക്ഷിക്കാനായി കേന്ദ്രം സ്വർണം ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്ന ആശങ്കയാണ് ഇതോടെ ശക്‌തമായത്.
പ്രധാനമന്ത്രിയുടെ ഏഴ് നിർദ്ദേശങ്ങൾ
- വർക്ക് ഫ്രം അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്നതിനും ഓൺലൈൻ മീറ്റിങ്ങുകൾക്കും പ്രാധാന്യം നൽകുക.
- ഒരുവർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കുക (വിദേശനാണ്യ ശേഖരത്തിൻമേലുള്ള സമ്മർദ്ദം കുറയ്‌ക്കാനാണിത്)
- പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുക, മെട്രോ, പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കുക. ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറുക. കാർ പൂളിങ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക.
- ഇറക്കുമതി കുറയ്‌ക്കാൻ പാചക എണ്ണയുടെ ഉപയോഗം കുറയ്‌ക്കുക
- രാസവളങ്ങളെ ആശ്രയിക്കുന്നതിൽ കുറവ് വരുത്തുക. ജൈവ കൃഷിരീതിക്ക് പ്രാധാന്യം നൽകുക. ഡീസൽ പമ്പുകൾക്ക് പകരം സൗരരോർജത്തിലേക്ക് മാറുക.
- വിദേശ ബ്രാൻഡുകളുടെ ഉപയോഗം കുറയ്‌ക്കുക. സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകുക.
- വിദേശ യാത്രകൾ കുറയ്‌ക്കുക. വിദേശത്തെ വിവാഹാഘോഷങ്ങൾ ഒഴിവാക്കുക. ആഭ്യന്തര ടൂറിസം പ്രോൽസാഹിപ്പിക്കുക.
പശ്‌ചിമേഷ്യയിലെ യുദ്ധത്തെ തടുർന്നുണ്ടായ ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളും വിലക്കയറ്റവും നേരിടാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം രാജ്യത്തിന് അനിവാര്യമാണെന്നും എല്ലാവരും സഹകരിക്കണമെന്നുമാണ് പ്രധാനമന്ത്രിയുടെ അഭ്യർഥന.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































