കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ കേസിൽ പ്രതിചേർത്ത ഐജി ലക്ഷ്‌മൺ, റിട്ട. ഡിഐജി സുരേന്ദ്രൻ എന്നിവരെ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ഇന്ന് നോട്ടീസ് അയക്കും. ഇരുവരെയും കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതിചേർത്തത്. രണ്ടാം പ്രതിയാക്കി കേസെടുത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകനെ ഇന്നാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഹാജരാകാൻ കഴിയില്ലെന്ന് സുധാകരന്റെ അഭിഭാഷകൻ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
എന്നാൽ, അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകും. കേസിനെതിരെ ഹൈക്കോടതിയിൽ സമീപിക്കുന്ന കാര്യത്തിൽ സുധാകരൻ ഇന്ന് തീരുമാനമെടുത്തേക്കും. രാഷ്‌ട്രീയമായും നിയമപരമായും കേസിനെ പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കേസിൽ തനിക്കൊരു പങ്കുമില്ലെന്നാണ് കെ സുധാകരൻ ആവർത്തിച്ച് പറയുന്നത്. എന്നാൽ, മോൻസന് പണം നൽകുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പരാതിക്കാരനായ ഷാനി.
സുധാകരന് മോൻസൺ പണം കൊടുത്തത് കണ്ട സാക്ഷികൾ ഉണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. സുധാകരനെതിരെ രാഷ്‌ട്രീയപരമായി ഒരു വിദ്വേഷവും ഇല്ലെന്നും പരാതിക്കാരൻ പറയുന്നു. മോൻസന്റെ അടുത്ത് സുധാകരൻ ചികിൽസയ്‌ക്ക് പോയതാണെങ്കിൽ ഒരു മരുന്ന് കുറിപ്പടി ഉണ്ടാകില്ലേ? അത് പുറത്തു വിട്ടാൽ പ്രശ്‌നം തീരുമല്ലോ. ഇനി വേറെ ബന്ധമൊന്നും ഇല്ലെങ്കിൽ മോൻസനെതിരെ പരാതി കൊടുക്കാൻ സുധാകരൻ എന്തിനു മടിക്കുന്നതെന്നും പരാതിക്കാരൻ ചോദിച്ചു.
Most Read: ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ചു യൂണിയനുകൾ