തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സ്‌ഥിതി ചർച്ച ചെയ്യാൻ നാളെ അടിയന്തര യോഗം ചേരുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിൻ. തമിഴ്‌നാട് കൂടുതൽ വെള്ളമെടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കേരളം ഉന്നയിച്ച പ്രശ്‌നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാനാകും. ജലനിരപ്പ് കുറയ്‌ക്കാൻ തമിഴ്‌നാട് തയ്യാറാകുമെന്ന് തന്നെയാണ് പ്രതീക്ഷ. മുല്ലപ്പെരിയാറിൽ പുതിയ ഡാം തന്നെയാണ് പ്രശ്‌നപരിഹാരത്തിനുള്ള മാർഗം. കാലാവസ്‌ഥാ മാറ്റം ഉൾപ്പടെ ചൂണ്ടിക്കാട്ടി തമിഴ്‌നാടിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് എതിർക്കുകയാണ് ഉണ്ടായത്. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകും. ജനം പരിഭ്രാന്തിയിലാണെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ, നിലവിൽ ജലനിരപ്പ് കുറയ്‌ക്കണ്ട സാഹചര്യമില്ലെന്ന് ആയിരുന്നു തമിഴ്‌നാടിന്റെ വാദം. മാത്രമല്ല, അടുത്ത ദിവസങ്ങളിൽ മുല്ലപ്പെരിയാറിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. അതിനാൽ, ഒരു ഭീഷണി നിലവിലെ സാഹചര്യത്തിൽ ഇല്ലെന്നും കേരള സർക്കാരിന്റെ വാദം തള്ളണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.
കേരളം തമിഴ്‌നാടുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ച നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ജലനിരപ്പ് 139 അടിയാക്കി നിലനിർത്താണോ വേണ്ടയോ എന്ന കാര്യത്തിൽ മേൽനോട്ട സമിതി എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. ചർച്ചയ്‌ക്ക് തയ്യാറാണെന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.
Also Read: ലക്ഷദ്വീപിൽ ജയിൽ നിർമിക്കാൻ നീക്കം; പ്രഫുല്‍ പട്ടേലിന്റെ പുതിയ പരിഷ്‌കരണം